പ്രതീക്ഷിച്ചതിന് വിപരീതമായി മെച്ചപ്പെട്ട പണപ്പെരുപ്പ നിരക്ക് പുറത്തുവന്നതിന് പിന്നാലെ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയ്ക്ക് മേൽ വെള്ളമൊഴിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ. ശമ്പള വർദ്ധനവ് 'കൂളാകുന്നത്' സംബന്ധിച്ച് കൂടുതൽ തെളിവുകൾ ലഭിച്ചെങ്കിൽ മാത്രമാണ് ഈ നീക്കത്തിന് തയ്യാറാകുകയെന്ന് ഗവർണർ ആൻഡ്രൂ ബെയ്‌ലി വ്യക്തമാക്കി.
ജനുവരിയിലെ പണപ്പെരുപ്പം 4 ശതമാനത്തിൽ നിലനിന്നതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം പണപ്പെരുപ്പം മാറ്റമില്ലാതെ തുടർന്നത് പ്രോത്സാഹനകരമാണെന്ന് ഹൗസ് ഓഫ് ലോർഡ്‌സ് ഇക്കണോമിക്‌സ് കമ്മിറ്റി മുൻപാകെ ഹാജരായ ആൻഡ്രൂ ബെയ്‌ലി പറഞ്ഞു. എന്നാൽ മുൻ മാസത്തെ ജീവിതച്ചെലവ് കണക്കുകൾ പ്രവചിച്ചതിലും മുകളിലാണെന്ന് ഗവർണർ ചൂണ്ടിക്കാണിച്ചു. വാർഷിക പണപ്പെരുപ്പ നിരക്ക് ജനുവരിയിൽ 4.2 ശതമാനത്തിലേക്ക് വർദ്ധിക്കുമെന്നാണ് സാമ്പത്തിക വിപണികൾ പ്രവചിച്ചത്. എന്നാൽ നിരക്ക് 4 ശതമാനത്തിൽ തുടർന്നതായി വ്യക്തമായതോടെ ഔദ്യോഗിക ബേസ് റേറ്റ് 5.25 ശതമാനത്തിൽ നിന്നും ജൂൺ മാസത്തോടെ താഴ്ത്താൻ തുടങ്ങുമെന്നാണ് ഇപ്പോൾ വാദിക്കുന്നത്.
ബാങ്കിന്റെ മോണിറ്ററി പോളിസി പലിശ നിരക്കുകൾ മാറ്റി നിശ്ചയിക്കുമ്പോൾ വേതന വർദ്ധനവ് ഒതുങ്ങുന്നതിന്റെ കൂടുതൽ സൂചനകൾ വേണമെന്ന് ഗവർണർ വ്യക്തമാക്കി. പണപ്പെരുപ്പം താഴ്ന്ന് തുടങ്ങിയതോടെ ജോലിക്കാർ ആവശ്യപ്പെടുന്ന വർദ്ധനവിന്റെ വലുപ്പവും കുറയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ട് വർഷക്കാലത്തിനിടെ ആദ്യമായി ഭക്ഷ്യ വില താഴ്ന്നതാണ് ജനുവരിയിൽ ആശ്വാസമായത്. ഭക്ഷണത്തിനും, ആൽക്കഹോൾ ഇതര പാനീയങ്ങൾക്കും ജനുവരിയിൽ പ്രതിമാസ നിരക്കിൽ 0.4% താഴ്ച്ചയാണ് രേഖപ്പെടുത്തിയത്. 2021 മേയിന് ശേഷം ആദ്യമായാണ് ഈ പ്രതിമാസ ഇടിവ്.
© Copyright 2023. All Rights Reserved