2024നെ ചാന്ദ്രവർഷമെന്ന് വിശേഷിപ്പിച്ചാൽ തെറ്റാവില്ല. അത്രയധികം ചാന്ദ്രദൗത്യങ്ങൾക്കാണ് ശാസ്ത്രലോകം തയാറെടുക്കുന്നത്. ചുരുങ്ങിയത് 12 ചാന്ദ്രവാഹനങ്ങളെങ്കിലും നടപ്പുവർഷത്തിൽ ചന്ദ്രോപരിതലത്തിൽ ഓടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്രയും ശാസ്ത്രപരീക്ഷണങ്ങൾക്ക് ഭൂമിയുടെ ഉപഗ്രഹം വേദിയാകുന്നത്.
ജനുവരി എട്ടിന് നാസയുടെ പെരിജീൻ മിഷൻ വൺ കുതിച്ചുയരുന്നതോടെ, ചാന്ദ്ര മാരത്തണിന് തുടക്കമാകും. മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആർട്ടിമിസ് പദ്ധതിക്ക് പെരിജീൻ മിഷൻ മുതൽക്കൂട്ടായേക്കും. ജർമനി, മെക്സികോ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയോടെയാണ് പെരിജീൻ.
സ്വകാര്യ കമ്പനിയായ ഇന്റ്യൂറ്റീവ് മെക്കാനിക്സിന്റെ ‘നോവ’ ദൗത്യങ്ങൾക്കും ഈ വർഷം തുടക്കമാകും. ആറ് മാസത്തിനുള്ളിൽ നോവയുടെ മൂന്ന് ലാൻഡറുകൾ ചാന്ദ്ര ഉപരിതലത്തിലെത്തും. നമ്മുടെ ചാന്ദ്രയാൻ 3യെപ്പോലെ, ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലാണ് നോവ വാഹനങ്ങൾ ഇറങ്ങുക.
ചൈനയുടെ ഷാങെ-6 ആണ് മറ്റൊരു വാഹനം. മേയ് മാസത്തിൽ പുറപ്പെടുന്ന ഈ റോബോട്ടിക് വാഹനം, ചന്ദ്രനിൽനിന്ന് മണ്ണും കല്ലും ശേഖരിച്ചായിരിക്കും ഭൂമിയിലേക്ക് മടങ്ങിയെത്തുക. നാസയുടെ തന്നെ ‘വൈപർ’, ജപ്പാന്റെ ‘ഡെസ്റ്റിനി’ തുടങ്ങിയവയും ഈ വർഷം ചന്ദ്രനിൽ കാലുകുത്തും.
© Copyright 2024. All Rights Reserved