ജാപ്പനീസ് സമ്പദ് വ്യവസ്ഥയിൽ അപ്രതീക്ഷിത മാന്ദ്യം. തുടർച്ചയായ രണ്ടാം പാദത്തിലും നെഗറ്റിവ് വളർച്ച രേഖപ്പെടുത്തിയതോടെ രാജ്യം മാന്ദ്യത്തിലെന്ന് കാബിനറ്റ് ഓഫിസ് അറിയിച്ചു. ഇതോടെ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയെന്ന ബഹുമതി ജപ്പാന് നഷ്ടമായി. ജപ്പാനെ മറികടന്ന് ജർമനി മുന്നിലെത്തി.
2023ലെ അവസാന മൂന്നു മാസങ്ങളിൽ 0.4 ശതമാനമാണ് ജിഡിപി ചുരുങ്ങിയത്. മുൻ പാദത്തിലും ജിഡിപി നെഗറ്റിവ് വളർച്ച രേഖപ്പെടുത്തിയിരുന്നു.ജാപ്പനീസ് സമ്പദ് വ്യവസ്ഥയുടെ പകുതി വരുന്ന സ്വകാര്യ ഉപഭോഗം 0.2 ശതാനമാണ് ഇടിഞ്ഞത്. ഭക്ഷ്യ, ഇന്ധന വിലകളിലുണ്ടായ വൻ വർധനയാണ് ഉപഭോഗം കുറച്ചതെന്നാണ് വിലയിരുത്തൽ.
ജപ്പാൻ ഇന്ധന ആവശ്യകത 94 ശതമാനവും ഇറക്കുമതിയിലൂടെയാണ് നികത്തുന്നത്. ഭക്ഷ്യ ഇറക്കുമതി 63 ശതമാനമാണ്.
തുടർച്ചയായ രണ്ട് പാദങ്ങളിൽ ജി.ഡി.പിയിൽ ഇടിവുണ്ടായാൽ ആ സമ്പദ്‌വ്യവസ്ഥ സാങ്കേതികമായി മാന്ദ്യത്തിലേക്ക് കടന്നുവെന്നാണ് വിലയിരുത്തുക. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ജപ്പാൻ മാന്ദ്യത്തിലേക്ക് പോയെന്ന വിലയിരുത്തലുണ്ടായത്.
ജനുവരി-മാർച്ച് മാസങ്ങളിൽ ജപ്പാൻ സമ്പദ്‌വ്യവസ്ഥയിൽ വീണ്ടും ഇടിവുണ്ടാവുമെന്നാണ് പ്രവചനം. ആഗോള സമ്പദ്വ്യവസ്ഥയിലെ വളർച്ചാ കുറവിനൊപ്പം ആഭ്യന്തര വിപണിയിലെ ആവശ്യകതയിലുണ്ടാവുന്ന ഇടിവും ജപ്പാന് തിരിച്ചടിയുണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. നേരത്തെ 2024ലും ജപ്പാൻ സമ്പദ്‌വ്യവസ്ഥയിൽ ഇടിവുണ്ടാകുമെന്ന് ബാങ്ക് ഓഫ് ജപ്പാൻ പ്രവചിച്ചിരുന്നു.
© Copyright 2025. All Rights Reserved