തിരഞ്ഞെടുപ്പിന് പിന്നാലെ ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു. പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. . കേന്ദ്രഭരണ പ്രദേശത്ത് സർക്കാർ രൂപീകരണത്തിന് വഴിയൊരുക്കി ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. ഒമർ അബ്ദുല്ല മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കണമെങ്കിൽ രാഷ്ട്രപതി ഭരണം പിൻവലിക്കണമായിരുന്നു. കഴിഞ്ഞദിവസമാണ് രാഷ്ട്രപതിഭരണം പിൻവലിക്കാൻ ലഫ്. ഗവർണറുടെ ഓഫിസ് ശുപാർശ രാഷ്ട്രപതി ഭവന് നൽകിയത്.
-------------------aud--------------------------------
10 വർഷം മുമ്പ് 2014 ൽ ആണ് ജമ്മു കശ്മീരിൽ ഒടുവിലായി തിരഞ്ഞെടുപ്പ് നടന്നത്. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ച ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞുപോയത്. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കും. ഒമർ അബ്ദുല്ല ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രണ്ടാം തവണയാണ് ഒമർ അബ്ദുള്ള ജമ്മു കശ്മീർ മുഖ്യമന്ത്രിയാവുന്നത്. നാഷണൽ കോൺഫറൻസ് നിയമസഭാ കക്ഷി യോഗത്തിലായിരുന്നു ഈ തീരുമാനം. ഫറൂക്ക് അബ്ദുള്ളയാണ് ഒമർ അബ്ദുള്ളയെ മുഖ്യമന്ത്രിയാക്കിയുള്ള തീരുമാനം പ്രഖ്യാപിച്ചത്. ആറുവർഷത്തോളമായി ജമ്മു കശ്മീർ കേന്ദ്രഭരണത്തിന് കീഴിലായിരുന്നു. അതേസമയം, ഒമർ അബ്ദുള്ളയെ ജമ്മു കശ്മീർ മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക് പിന്തുണച്ച് കോൺഗ്രസ് നിയമസഭാകക്ഷി പ്രമേയം പാസാക്കി. ലഫ്. ഗവർണർക്ക് കത്തും നൽകി. 90 അംഗ നിയമസഭയിൽ കോൺഗ്രസിന് ആറ് അംഗങ്ങളാണ്. നാല് സ്വതന്ത്രരും എഎപിയുടെ ഏക അംഗവും ഒമറിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എൻസിയുടെ 42 എംഎൽഎമാരും സിപിഐ എം അംഗം മുഹമ്മദ് യൂസഫ് തരിഗാമിയും ചേർന്ന് പുതിയ സർക്കാരിന് 54 പേരുടെ പിന്തുണയാകും. അമ്പത്തിനാലുകാരനായ ഒമർ 2009-2014 കാലത്ത് ജമ്മു കശ്മീർ മുഖ്യമന്ത്രിയായിരുന്നു. കേന്ദ്ര വാണിജ്യസഹമന്ത്രി, വിദേശ സഹമന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
© Copyright 2024. All Rights Reserved