ജയിലുകളിലെ തിരക്ക് പരിഹരിക്കാനുള്ള അടിയന്തര നടപടികളുടെ ഭാഗമായി അടുത്ത മാസം വൻതോതിൽ കുറ്റവാളികളെ പുറത്തുവിടാൻ കീർ സ്റ്റാർമർ സർക്കാർ. അടുത്ത മാസത്തോടെ ഏകദേശം 2000 തടവുകാരെ ജയിലുകളിൽ നിന്നും മുൻകൂറായി വിട്ടയയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതുവഴി ജയിലുകളിൽ കലാപകാരികളെ അടയ്ക്കാനുള്ള സ്ഥലം കണ്ടെത്താമെന്നാണ് പ്രതീക്ഷ.
-------------------aud--------------------------------
ബ്രിട്ടനിൽ കുടിയേറ്റ വിരുദ്ധ കലാപങ്ങളിൽ പെട്ടവരെ നിയമത്തിന് മുന്നിലെത്തിക്കുന്നതിന്റെ വേഗത കൂടിയപ്പോഴാണ് ജയിലുകളിൽ ആവശ്യത്തിന് സ്ഥലമില്ലെന്നത് പ്രതിസന്ധിയായി മാറിയത്. ഇതോടെ നിലവിലെ തടവുകാരെ വിട്ടയച്ച് ശിക്ഷിക്കപ്പെടുന്ന കലാപകാരികളെ ജയിലിലേക്ക് എത്തിക്കാനാണ് ലേബർ ഗവൺമെന്റ് നീക്കം നടത്തുന്നത്.
സെപ്റ്റംബർ 10ന് പുറത്തുവിടാനുള്ള തടവുകാരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അഞ്ച് വർഷത്തിലേറെ ശിക്ഷ അനുഭവിച്ച 1700 തടവുകാരെയാണ് രണ്ടാം ഘട്ടമായി ഒക്ടോബർ 22ന് പുറത്തുവിടുന്നതെന്നും ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. ശിക്ഷാ കാലാവധിയുടെ 40 ശതമാനം അനുഭവിച്ചവരെ പുറത്തുവിടാനുള്ള നിയമമാറ്റമാണ് ഇതിന് വഴിയൊരുക്കുന്നത്.
ജയിലുകളിലെ തിരക്ക് പരിഹരിക്കാനുള്ള അടിയന്തര നടപടികളാണ് ജസ്റ്റിസ് മന്ത്രാലയം സ്വീകരിച്ച് വരുന്നത്. നോർത്ത് ഇംഗ്ലണ്ടിൽ കലാപകാരികളുടെ എണ്ണമേറിയത് ജയിലുകളിൽ വലിയ സമ്മർദമാണ് സൃഷ്ടിക്കുന്നത്. നേരത്തെ മേയ് മാസത്തിലും ജയിൽ സെല്ലുകളിൽ നിന്നും തടവുകാരെ മുൻകൂറായി വിട്ടയയ്ക്കാനുള്ള സ്‌കീം നടപ്പാക്കിയിരുന്നു. അതേസമയം വിട്ടയ്ക്കുന്ന കുറ്റവാളികളെ കർശനമായി നിരീക്ഷിക്കുമെന്ന് മന്ത്രാലയം പറയുന്നു. എന്നാൽ പൊതുജനത്തെ സംബന്ധിച്ച് ഇത് വലിയ ആശങ്ക സമ്മാനിക്കുന്നതാണ്.
© Copyright 2023. All Rights Reserved