യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്ന് കേസിൽ കൂടി അറസ്റ്റ് ചെയ്തു. സെക്രട്ടേറിയേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിലാണ് കൂടുതൽ അറസ്റ്റ്. ജില്ലാ ജയിലിൽ വച്ച് കന്റോൺമെൻ്റ് പൊലീസാണ് രാഹുലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് ചെയ്ത മൂന്ന് കേസുകളിൽ റിമാൻഡ് ചെയ്യാൻ രാഹുലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ജാമ്യമില്ലാ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തെ, മറ്റൊരു കേസിലാണ് വീട്ടിൽ നിന്നും രാഹുലിനെ അറസ്റ്റ് ചെയ്തത്. അതേസമയം, രാഹുലിന്റെ ജാമ്യഹർജി നാളെ പരിഗണിക്കാനിരിക്കെയാണ് പുതിയ കേസുകളിലെ അറസ്റ്റ്.
അടൂരിലെ വീട്ടിൽ പുലർച്ചെയെത്തിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിപക്ഷ സമരങ്ങളോടും നേതാക്കളോടും പിന്തുടരുന്ന പതിവ് രീതിയിൽ നിന്ന് മാറി അതിരാവിലെ പൊലീസ് സംഘം യൂത്ത് കോൺഗ്രസ് അധ്യക്ഷന്റെ അടൂരിലെ വീട്ടിലെത്തിയായിരുന്നു അറസ്റ്റ് ചെയ്തത്. പ്രാദേശിക പ്രവർത്തകർ പൊലീസിനെ ചെറുക്കാൻ ശ്രമിച്ചുവെങ്കിലും തടസങ്ങൾ മാറ്റി അതിവേഗം പൊലീസ് തലസ്ഥാനത്തേക്ക് കുതിക്കുകയായിരുന്നു.
സെക്രട്ടേറിയറ്റിന് മുന്നിൽ സമരവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. നവകേരള സദസ്സിനെതിരായ സമരങ്ങളെ പൊലീസും മുഖ്യമന്ത്രിയുടെ അംഗരക്ഷകരും ചേർന്ന് അടിച്ചൊതുക്കുന്നതിൽ പ്രതിഷേധിച്ചാണ് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടന്നത്. ഡിസംബർ 20 ന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിപക്ഷ നേതാവാണ് ഒന്നാം പ്രതി. എംഎൽഎമാരായ ഷാഫി പറമ്പിലും എം വിൻസന്റും രണ്ടും മൂന്നും പ്രതികളുമാണ്. ഇതിനിടെയാണ് നാലാം പ്രതിയായ യൂത്ത് കോൺഗ്രസ് അധ്യക്ഷനെതിരായ പൊലീസ് നടപടിയുണ്ടായത്. അനുമതിയില്ലാത്ത സമരം, പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവ്വഹണത്തിൽ തടസം വരുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുളളത്.
© Copyright 2023. All Rights Reserved