ജൂനിയർ ഡോക്ടർമാർ നടത്തുന്ന പണിമുടക്ക് പുനരാരംഭിച്ചതോടെ റദ്ദാക്കപ്പെട്ട അപ്പോയിന്റ്‌മെന്റുകളും, ഓപ്പറേഷനുകളുടെയും എണ്ണം ഒരു മില്ല്യൺ കടക്കുമെന്ന് കണക്കുകൾ. ആറ് ദിവസത്തെ പണിമുടക്കാണ് ജൂനിയർ ഡോക്ടർമാർ സംഘടിപ്പിക്കുന്നത്. ഇത് കൂടി ചേരുന്നതോടെ സമരങ്ങളുടെ എണ്ണം 28 ദിവസമാകുകയും, റദ്ദാക്കലുകളുടെ പുതിയ നാഴികക്കല്ല് താണ്ടുകയും ചെയ്യും.
ഇതിനകം 970,000 റദ്ദാക്കലുകളാണ് സംഭവിച്ചിട്ടുള്ളത്. എൻഎച്ച്എസ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പണിമുടക്ക് നടക്കുന്നതോടെ 100,000 അപ്പോയിന്റ്‌മെന്റും, ഓപ്പറേഷനും റദ്ദാകുമെന്ന് ഉറപ്പായി. ഏറ്റവും ഉയർന്ന ശമ്പളവർദ്ധനവ് നൽകിയിട്ടും ചർച്ചകളെ അട്ടിമറിക്കുന്നത് ഡോക്ടർമാരുടെ യൂണിയൻ ആണെന്ന് സമരം നടത്തുന്നവരോട് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഹെൽത്ത് സെക്രട്ടറി വിക്ടോറിയ ആറ്റ്കിൻസാണ് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ നിലപാടിന് എതിരെ രംഗത്ത് വന്നത്. സമരം നിർത്തിയാൽ 20 മിനിറ്റിനകം ചർച്ച പുനരാരംഭിക്കുമെന്ന് ഹെൽത്ത് സെക്രട്ടറി വ്യക്തമാക്കി. ബിഎംഎ ആവശ്യപ്പെടുന്ന 35 ശതമാനം ശമ്പള വർദ്ധനയ്ക്ക് അരികിലൊന്നും ഓഫർ ചെയ്യാനില്ലെന്ന് ആറ്റ്കിൻസ് കൂട്ടിച്ചേർത്തു.
'ഒരു ഡീൽ ഉണ്ടാക്കേണ്ടതുണ്ട്. ചർച്ചകളിൽ നിന്നും ആളുകൾ ഇറങ്ങിപ്പോകുകയും, സമരങ്ങൾ പ്രഖ്യാപിക്കുകയും ചെയ്താൽ ഇത് സാധിക്കില്ല. സമരങ്ങൾ നിർത്തിവെച്ച് ചർച്ചകളിൽ മടങ്ങിയെത്തണം', വിക്ടോറിയ ആറ്റ്കിൻസ് പറഞ്ഞു. നഴ്‌സുമാരും, ആംബുലൻസ് ജോലിക്കാരും, കൺസൾട്ടന്റുമാരും സമരം നിർത്താൻ തയ്യാറായെങ്കിലും ജൂനിയർ ഡോക്ടർമാർ പിടിവാശിയിലാണ്. എൻഎച്ച്എസ് ഫ്‌ളൂ, കൊവിഡ്, നോറോവൈറസ് ട്രിപ്പിൾ ഭീഷണി നേരിടുമ്പോഴാണ് ഇവരുടെ സമരം.
© Copyright 2023. All Rights Reserved