ജെ.ഡി.എസ്പിളർന്നു, സി.കെ. നാണുവിനെ പാർട്ടി ദേശീയ അധ്യക്ഷനായി ഒരു വിഭാഗം തെരഞ്ഞെടുത്തു. ബംഗളൂരുവിൽ തിങ്കളാഴ്‌ച ചേർന്ന ജെ.ഡി.എസ് പ്ലീനറി കമ്മിറ്റിയാണ് നിലവിലെ ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡക്കു പകരം നാണുവിനെ പാർട്ടിയുടെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുത്തത്.
ദേവഗൗഡയെയും മകനും പാർട്ടി കർണാടക അധ്യക്ഷനുമായ എച്ച്.ഡി. കുമാരിസാമിയെയും പുറത്താക്കിയതായും നാണുപക്ഷം അറിയിച്ചു. എല്ലാം സംസ്ഥാനങ്ങളിലും പുതിയ കമ്മിറ്റികൾ നിലവിൽ വരും. ദേശീയ, സംസ്ഥാന കമ്മിറ്റികളെ തെരഞ്ഞെടുക്കുന്നതിനുള്ള ചുമതല നാണുവിന് നൽകി. ദേശീയതലത്തിൽ സോഷ്യലിസ്റ്റ് കൂട്ടയ്‌മയാണ് ഇവർ ലക്ഷ്യമിടുന്നത്. ദേശീയതലത്തിൽ സോഷ്യലിസ്റ്റ് പാർട്ടികളുമായി സഹകരിക്കുന്നതിനുള്ള ചർച്ചകൾ സി.എം. ഇബ്രാഹിമിൻ്റെ നേതൃത്വത്തിൽ നടക്കും.
എല്ലാ സംസ്ഥാനങ്ങളിലും കൺവെൻഷൻ വിളിച്ചുചേർക്കും. ഇതോടെ ജെ.ഡി.എസിൻ്റെ ചിഹ്നമായ കറ്റയേന്തിയ കർഷക സ്ത്രീ ചിഹ്നം ഉൾപ്പെടെയുള്ളവക്കായി നിയമപോരാട്ടം നടക്കും. ബി.ജെ.പി വിരുദ്ധ ചേരിയിലാകും നാണുപക്ഷം നിലകൊള്ളുക. ഒരാഴ്‌ചക്കകം ദേശീയ, സംസ്ഥാന കമ്മിറ്റികൾ നിലവിൽ വരുമെന്ന് നാണുപക്ഷം അറിയിച്ചു. ദേശീയതലത്തിൽ ബി.ജെ.പിക്കെതിരെ ഇൻഡ്യ മുന്നണിയെ ശക്തിപെടുത്താനുള്ള പ്രവർത്തനങ്ങളിലും സജീവമാകും.
കേരള ജെ.ഡി.എസ് അധ്യക്ഷൻ മാത്യു ടി. തോമസ്, മന്ത്രി കെ. കൃഷ്‌ണൻ കുട്ടി ഉൾപ്പെടെയുള്ളർ ആർക്കൊപ്പമാണെന്നതിൽ വ്യക്തതയില്ല. കേരളത്തിലടക്കം പുതിയ സംസ്ഥാന കമ്മിറ്റി രൂപവത്കരിക്കാനാണ് നാണു പക്ഷത്തിൻ്റെ നീക്കം. നാണുവിനെ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്തതടക്കമുള്ള മൂന്നു പ്രധാന പ്രമേയങ്ങൾ ബംഗളൂരുവിൽ ചേർന്ന യോഗം പാസ്സാക്കി. കേരളത്തിൽനിന്നുള്ള ഒരുവിഭാഗം നേതാക്കളും യോഗത്തിൽ പങ്കെടുത്തു.
പാർട്ടിവിരുദ്ധ പ്രവർത്തനങ്ങങ്ങളുടെ പേരിൽ പാർട്ടി ദേശീയ വൈസ് പ്രസിഡൻ്റ് സി.കെ. നാണു, കർണാടക സംസ്ഥാന പ്രസിഡൻ്റ് സി.എം. ഇബ്രാഹിം എന്നിവരെ ജെ.ഡി.എസിൽനിന്ന് പുറത്താക്കിയതായി ദേവഗൗഡ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ബംഗളൂരുവിൽ വൈസ് പ്രസിഡന്റ് സികെ. നാണു യോഗം വിളിച്ചത് പാർട്ടി ഭരണഘടനക്ക് വിരുദ്ധമാണെന്ന് എച്ച്.ഡി. ദേവഗൗഡ വ്യക്തമാക്കിയിരുന്നു.
© Copyright 2024. All Rights Reserved