നടൻ ജോജു ജോർജ് സംവിധാനം ചെയ്ത് അഭിനയിച്ച മലയാളം ചിത്രമായ ‘പണി’സെൻസർ ബോർഡ് യു/എ സർട്ടിഫിക്കറ്റ് നൽകിയത് ചോദ്യം ചെയ്തുള്ള ഹർജി കേരള ഹൈക്കോടതി സ്വീകരിച്ചില്ല. അശ്ലീല സംഭാഷണങ്ങളും രംഗങ്ങളും അക്രമവും അടങ്ങിയതിനാൽ എ സർട്ടിഫിക്കേറ്റ് നൽകാതെ സിനിമയ്ക്ക് യു/എ സർട്ടിഫിക്കേഷൻ നൽകിയത് അനുചിതമാണെന്നും അത് കുട്ടികൾക്ക് അനുയോജ്യമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിക്കപ്പെട്ടത്. എന്നാൽ ഹർജി കോടതി സ്വീകരിച്ചില്ല. ഒക്ടോബർ 24ന് റിലീസ് ചെയ്ത ചിത്രം ഇപ്പോൾ തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്.
-------------------aud--------------------------------
ഹർജി പിൻവലിച്ച് ഈ പരാതി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് (സിബിഎഫ്‌സി) നൽകാനാണ് ചീഫ് ജസ്റ്റിസ് നിതിൻ ജംദാർ, ജസ്റ്റിസ് എസ് മനു എന്നിവരുടെ ഡിവിഷൻ ബെഞ്ച് ഹർജിക്കാരനോട് നിർദേശിച്ചത്. ഹർജിക്കാരൻ സമർപ്പിച്ച പരാതി നിയമപ്രകാരം സിബിഎഫ്‌സിക്ക് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.
സിനിമാട്ടോഗ്രാഫ് നിയമപ്രകാരം കുട്ടികൾക്ക് മാതാപിതാക്കൾക്കൊപ്പം കാണാവുന്ന യു/എ സർട്ടിഫിക്കേഷനുപകരം ‘പണി’ ചിത്രത്തിന് എ സർട്ടിഫിക്കേഷൻ നൽകണമെന്നാണ് ഹർജിക്കാരൻ വാദിച്ചത്. കുട്ടികളെ പ്രതികൂലമായി സ്വാധീനിക്കാൻ സിനിമയ്ക്ക് കഴിയുമെന്നും ഹർജിക്കാരൻ ആരോപിക്കുന്നു.
2023-ൽ ഭേദഗതി വരുത്തിയ സിനിമാട്ടോഗ്രാഫ് നിയമത്തിലെ വ്യവസ്ഥകൾ പരിഗണിക്കാതെയാണ് യു/എ സർട്ടിഫിക്കേഷൻ നൽകിയതെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.കുടുംബ പ്രേക്ഷകർക്കോ കുട്ടികൾക്കോ സിനിമ അനുയോജ്യമല്ലെന്ന് വ്യക്തമാക്കി. കുട്ടികൾക്ക് യഥാർത്ഥ ജീവിതവും സിനിമയും തമ്മിൽ വേർതിരിക്കാൻ കഴിയില്ലെന്നും അവർക്ക് സിനിമാ താരങ്ങളെ അനുകരിക്കാനുള്ള പ്രവണതയുണ്ടെന്നും ഹർജിയിൽ പറയുന്നത്.
© Copyright 2024. All Rights Reserved