ഇംഗ്ലണ്ടിൽ എൻ എച്ച് എസ്സ് ജീവനക്കാരുടെ കുറവു കൊണ്ട് വീർപ്പു മുട്ടുകയാൺ'. അതിനിടയിലാണ് മെഡിക്കൽ രംഗം വിട്ടുപോകാൻ ഉദ്ദേശിക്കുന്ന ഡോക്ടർമാരുടെ എണ്ണം വർദ്ധിച്ചു വരുന്നതായി ജനറൽ മെഡിക്കൽ കൗൺസിൽ പറയുന്നത്. അമിത ജോലിഭാരവും, ജോലിയിലുള്ള അസംതൃപ്തിയുമാണത്രെ കാരണം. ഇതോടെ എൻ എച്ച് എസ്സിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്ക കടുത്തിരിക്കുകയാണ്. മാത്രമല്ല, എൻ എച്ച് എസ്സിനായി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ദീർഘകാല പദ്ധതികൾ യാഥാർത്ഥ്യമാകാൻ വൈകുകയും ചെയ്തേക്കാം. മെഡിക്കൽ രംഗത്തെ തൊഴിൽ സൈന്യത്തെ കുറിച്ചുള്ള ജി എം സിയുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നത്, സർക്കാർ എൻ എച്ച് എസ്സിനായി, ഇക്കഴിഞ്ഞ ജൂണിൽ പ്രഖ്യാപിച്ച ദീർഘകാല പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതിൽ കാലതാമസം ഉണ്ടാകുമെന്നാണ്. കൂടുതൽമെഡിക്കൽ സ്‌കൂളുകൾ തുറക്കുന്നത് ഉൾപ്പടെയുള്ള പദ്ധതികൾ യാഥാർത്ഥ്യമാകാൻ ചുരുങ്ങിയത് ഒരു ദശാബ്ദമെങ്കിലും വേണ്ടിവരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
2022-ൽ റെജിസ്റ്റേർഡ് ഡോക്ടർമാരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട് എന്ന് റിപ്പോർട്ടിൽ പറയുന്നു. 23,838 പേർ പുതിയതായി ചേർന്നപ്പോൾ 11,319 പേർ ഈ രംഗം വിട്ടു. ഡോക്ടർമാരുടെ എണ്ണം കൂടിയെങ്കിലും, ഒഴിവുകൾ ഇപ്പോഴും ഏറെയുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇത് മെഡിക്കൽ രംഗത്തുള്ളവരിൽ ചെലുത്തുന്ന സമ്മർദ്ദം ചെറുതൊന്നുമല്ല. മെഡിക്കൽ രംഗം വിട്ടുപോകുന്ന ഡോക്ടർമാരുടെ എണ്ണം കോവിഡ് പൂർവ കാലത്തിലേതിന് സമമായി ഉയരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.
കടുത്ത സമ്മർദ്ദവും അതൃപ്തിയും മൂലം മെഡിക്കൽ രംഗം വിടുന്ന ഡോക്ടർമാരുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്കപ്പെടുത്തുന്നതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള അവസരങ്ങൾ തുലോം കുറവാണെന്നത് ഏറെ ദുഃഖിപ്പിക്കുന്നതായും അതിൽ പറയുന്നുണ്ട്. നിലവിൽ, ആരോഗ്യ രംഗത്തെ സജീവമാക്കി നിർത്തുന്നത് വിദേശത്തുനിന്നുള്ള ഡോക്ടർമാരാണ്. പുതിയതായി റെജിസ്റ്റർ ചെയ്തവരിൽ 52 ശതമാനം വരെ വിദേശ ഡോക്ടർമാരുടെ എണ്ണം. 2022-ൽ ജോലിക്ക് കയറിയ ഡോക്ടർമാരിൽ 63 ശതമാനം പേർ വിദേശ രാജ്യങ്ങളിൽ പരിശീലനം നേടിയവരാണ് താനും.
തൊഴിൽ സൈന്യത്തിലെ ബഹുസ്വരത, സ്വാഗതാർഹമായ കാര്യമാണെന്നാണ് ജി എം സി ചീഫ് എക്സിക്യുട്ടിവ് ചാർലി മാസ്സേ പറയുന്നത്. വിദേശങ്ങളിൽ പരിശീലനം കഴിഞ്ഞെത്തുന്നവർ കൊണ്ടുവരുന്ന അനുഭവ സമ്പത്ത് ഈ മേഖലക്ക് ഏറെ പ്രയോജനം ചെയ്യുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
© Copyright 2024. All Rights Reserved