വടക്കൻ ജോർദാനിൽ സിറിയൻ അതിർത്തിക്കു സമീപം യുഎസ് സൈനിക ക്യാംപിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ 3 യുഎസ് സൈനികർ കൊല്ലപ്പെടുകയും നിരവധിപേർക്കു പരുക്കേൽക്കുകയും ചെയ്‌ത സംഭവത്തിൽ രൂക്ഷപ്രതികരണവുമായി അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. ആക്രമണത്തിനു പിന്നിൽ ഇറാനാണെന്നാണു ബൈഡന്റെ ആരോപണം.
ഉത്തരവാദികളെ കണ്ടെത്തുമെന്നും ശക്‌തമായി തിരിച്ചടിക്കുമെന്നും ബൈഡൻ പറഞ്ഞു. "വളരെ മോശമായ ദിവസമായിരുന്നു. ഞങ്ങളുടെ സൈനികത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്നു കരുത്തരായ സൈനികരെ ഞങ്ങൾക്കു നഷ്ടപ്പെട്ടു. തിരിച്ചടിക്കും"- സൗത്ത് കരോലിനയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബൈഡൻ പറഞ്ഞു. ആക്രമണത്തിനു പിന്നാലെ റിപ്പബ്ലിക്കൻ സെനറ്റർമാർ ബൈഡൻ ഭരണകൂടത്തെ വിമർശിച്ചു. ഇറാനെതിരെ ശക്‌തമായ സൈനിക തിരിച്ചടി നൽകണമെന്നും സെനറ്റർമാർ ആവശ്യപ്പെട്ടു. ഞങ്ങളുടെ സൈനികരുടെയും രാജ്യത്തിന്റെയും താൽപ്പര്യം സംരക്ഷിക്കുന്നതിനായി ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്നും പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്‌റ്റിൻ പറഞ്ഞു.
© Copyright 2025. All Rights Reserved