വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് ജോ ബൈഡന് പകരം ഡെമോക്രാറ്റിക് പാർട്ടി പുതിയ സ്ഥാനാർത്ഥിയെ കൊണ്ട് വരുമെന്ന പ്രവചനവുമായി യുഎസ് സെനറ്റർ രംഗത്ത്. ജോ ബൈഡന് പകരം മുൻ പ്രഥമ പൗരയും ബരാക് ഒബാമയുടെ ഭാര്യയുമായ മിഷേൽ ഒബാമയെ മത്സരത്തിന് ഇറക്കുമെന്നാണ് യുഎസ് സെനറ്റർ ടെഡ് ക്രൂസ് പ്രവചിക്കുന്നത്.
-------------------aud--------------------------------
തിരഞ്ഞെടുപ്പിന് മൂന്ന് മാസം മുമ്പ് ഓഗസ്‌റ്റിൽ നടക്കുന്ന ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനിൽ ബൈഡനെ മാറ്റുമെന്നാണ് ക്രൂസ് അവകാശപ്പെടുന്നത്. ആദ്യ സംവാദത്തിൽ മോശം പ്രകടനം കാഴ്‌ച വച്ച ജോ ബൈഡനെതിരെ വിവിധ കോണുകളിൽ നിന്ന് കടുത്ത വിമർശനവും പരിഹാസവും ഒക്കെ ഉയരുന്നതിന് പിന്നാലെയാണ് ഈ പ്രവചനം.
രാഷ്ട്രീയ നിരീക്ഷകരും മാധ്യമങ്ങളും ഉൾപ്പെടെ ബൈഡനെതിരെ കടുത്ത വിമർശനമാണ് ചൊരിയുന്നത്. ഇതിനിടെയാണ് ബൈഡൻ മാറുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ശക്തമാവുന്നത്. സംവാദത്തിൽ ബൈഡന്റെ ശാരീരികമായി പരിമിതികൾ ഉൾപ്പെടെ വ്യക്തമായിരുന്നു. പലപ്പോഴും ട്രംപിന്റെ വാക്‌ചാതുര്യത്തിന് മുന്നിൽ ബൈഡൻ ഉത്തരം മറക്കുന്നതും, മറുപടികളിൽ കൃത്യത ഇല്ലായ്‌മയും ഒക്കെ പ്രകടമായിരുന്നു.
ഇതോടെ ഡെമോക്രാറ്റുകൾ കടുത്ത ആശങ്കയിലാണ്. ഇതോടെയാണ് യുഎസിലെ സെനറ്റർ കൂടിയായ ക്രൂസ് തന്റെ പോഡ്‌കാസ്‌റ്റിലൂടെ ബൈഡൻ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് മാറുമെന്ന പ്രവചനം നടത്തുന്നത്. 'ഡെമോക്രാറ്റിക് പാർട്ടി ജോ ബൈഡനെ മത്സരത്തിൽ നിന്ന് നീക്കം ചെയ്യുകയും പകരം മിഷേൽ ഒബാമയെ നിയമിക്കുകയും ചെയ്യാനുള്ള സാധ്യത 80 ശതമാനത്തോളമാണ്, കാരണം ബൈഡൻ വളരെ മോശമായാണ് പ്രകടനം കാഴ്‌ചവച്ചത്, ഇതോടെ രാജ്യത്തുടനീളമുള്ള ഡെമോക്രാറ്റുകൾ പരിഭ്രാന്തിയിലാണ്' അദ്ദേഹം പറഞ്ഞു. ബൈഡൻ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായിരിക്കില്ല എന്നാണ് മുൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിക്കി ഹാലിയും അഭിപ്രായപ്പെട്ടത്. റിപ്പബ്ലിക്കന്മാരോട് തയ്യാറായി ഇരുന്ന് കൊള്ളാനും അവർ ട്വിറ്ററിൽ പങ്കുവച്ച പോസ്‌റ്റിൽ പറയുന്നു. സ്വന്തം പാർട്ടിയിലെ അംഗങ്ങളിൽ നിന്നും കടുത്ത വിമർശനമാണ് ബൈഡൻ നേരിടുന്നത്.
ട്രംപിനൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വരാൻ സാധ്യതയുള്ള നേതാക്കളിൽ ഒരാളായ വിവേക് രാമസ്വാമിയും ബൈഡനെ കടുത്ത ഭാഷയിൽ വിമർശിച്ചു. ഡെമോക്രാറ്റിക് പാർട്ടി ബൈഡനെ ബലിയാടാക്കുകയാണെന്നും അവർ ഉടൻ തന്നെ മറ്റൊരാളെ നാമനിർദ്ദേശം നടത്തണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാൽ മിഷേൽ ഒബാമയുടെ ഭർത്താവും മുൻ അമേരിക്കൻ പ്രസിഡന്റുമായ ബരാക് ഒബാമ ബൈഡനെ പിന്തുണച്ച് രംഗത്തു വന്നു. സംവാദത്തിൽ മോശം ദിവസങ്ങളും ഉണ്ടാകാമെന്നായിരുന്നു ബരാക് ഒബാമയുടെ അഭിപ്രായം. കൂടാതെ ബൈഡൻ സാധാരണക്കാർക്ക് വേണ്ടി നിലകൊണ്ട ആളാണെന്നും ഒബാമ ചൂണ്ടിക്കാട്ടി. അതേസമയം, രാജ്യത്ത് സന്നദ്ധ പ്രവർത്തന മേഖലയിലും സാമൂഹിക മേഖലയിലും നിറ സാന്നിധ്യമാണ് മിഷേൽ ഒബാമ. കൂടാതെ ഒരു ജനകീയ പരിവേഷവും അവർക്കുണ്ട്. പ്രഥമ വനിതയായി സേവനമനുഷ്‌ഠിക്കുന്ന ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ വനിതയായിരുന്നു അവർ. അതിൽ നിന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് അവർ എത്തുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
© Copyright 2025. All Rights Reserved