ഉത്തരാഖണ്ഡിലെ ടണൽ ദുരന്തത്തിൽ കുടുങ്ങി കിടന്ന 41 തൊഴിലാളികളുടെയും രക്ഷക്കെത്തിയത് റാറ്റ് മൈനേഴ്സ് എന്ന സംഘമായിരുന്നു. ആ സംഘത്തിൽ ഉൾപ്പെട്ട വക്കീൽ ഹസന്റെ വീട് പൊളിച്ച് മാറ്റിയിരിക്കുകയാണ് ദില്ലി വികസന അതോറിറ്റി. അനധികൃത നിർമ്മാണമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
രാജ്യം നടുങ്ങിയ ഉത്തരാഖണ്ഡിലെ ടണൽ ദുരന്തത്തിൽ കുടുങ്ങി കിടന്ന 41 തൊഴിലാളികളുടെയും രക്ഷക്കെത്തിയത് റാറ്റ് മൈനേഴ്സ് എന്ന സംഘമായിരുന്നു. റാറ്റ് മൈനേഴ്സിലുൾപ്പെട്ട വക്കീൽ ഹസന്റെ വീടാണ് കഴിഞ്ഞ ദിവസം ദില്ലി വികസന അതോറിറ്റി പൊളിച്ചുമാറ്റിയത്. അനധികൃത നിർമ്മാണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ നടപടി. എന്നാൽ പ്രദേശത്ത് ആകെ പൊളിച്ചത് വക്കീൽ ഹസന്റെ വീട് മാത്രമാണ്. വീട് സ്ഥിതി ചെയ്യുന്ന ഭൂമിക്ക് ഭൂനികുതി അടച്ചിരുന്നുവെന്നും, റേഷൻ കാർഡ് ഉൾപ്പടെയുള്ള എല്ലാ രേഖകളും തന്റെ കൈയിലുണ്ടെന്നും വക്കീൽ ഹസൻ പറയുന്നു.
രാത്രിയിൽ മക്കൾ മാത്രമുള്ളപ്പോഴാണ് പൊലീസ് എത്തിയതെന്നും മക്കളെ പൊലീസ് മർദ്ദിച്ചുവെന്നുമുള്ള ഗുരുതര ആരോപണമാണ് കുടുബം ഉന്നയിക്കുന്നത്. വീട്ടിലുണ്ടായിരുന്ന വസ്തുക്കൾ എടുക്കാൻ പോലും സമ്മതിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു. പൊളിച്ച വീടിന്റെ മുൻപിൽ സമരത്തിലാണ് വക്കീൽ ഹസന്റെ കുടുംബം. സംഭവം വിവാദമായതോടെ ദില്ലി വികസന അതോറിറ്റിയുടെ ചെയർമാൻ കൂടിയായ ദില്ലി ലഫ്റ്റനന്റ് ഗവർണർ ഇടപെട്ട് വീട് വച്ച് നൽകാമെന്ന ഉറപ്പ് നൽകിയിരിക്കുകയാണ്.
© Copyright 2024. All Rights Reserved