നികുതിയിളവുകൾ പ്രഖ്യാപിച്ച്, തെരഞ്ഞെടുപ്പിൽ പാർട്ടിയുടെയും തന്റെയും നില സുരക്ഷിതമാക്കാമെന്ന ഋഷി സുനകിന്റെ മോഹം തുടക്കത്തിലെ കരിയുന്നു എന്നാണ് ഈ വാരാന്ത്യത്തിൽ നടന്ന സർവ്വേഫലം തെളിയിക്കുന്നത്. ലേബർ പാർട്ടി അവരുടെ ലീഡ് വർദ്ധിപ്പിച്ച് മുൻപോട്ട് പോകുമ്പോൾ, നൈജൽ ഫരാഗെയുടെ റീഫോം യു കെയും മുൻപോട്ട് കുതിക്കുകയാണ്.
കഴിഞ്ഞയാഴ്ച്ച ഭരണകക്ഷിയേക്കാൾ 19 പോയിന്റിന് മുന്നിട്ടു നിന്ന ലേബർ പാർട്ടിക്ക് ഈയാഴ്ച്ച ആ ലീഡ് 20 പോയിന്റുകളായി ഉയർത്താനായി. റെഡ്ഫീൽഡ് ആൻഡ് വിൽടൺ സ്ട്രാറ്റജി നടത്തിയ സർവേയുടെ ഫലത്തിലാണ് ഇത് സൂചിപ്പിച്ചിരിക്കുന്നത്. നാഷണ ഇൻഷുറൻസ് ഇളവും, ആനുകൂല്യങ്ങളിലെ വർദ്ധനയും, മിനിമം വേജസ് വർദ്ധനയുമൊക്കെ പ്രഖ്യാപിച്ച ശരത്ക്കാല പ്രസ്താവനക്ക് ശേഷമാണ് ഇത് സംഭവിച്ചത് എന്നാണ് കൺസർവേറ്റീവ് പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുന്നത്
ടോറി നേതൃത്വത്തെ ആശങ്കയിലാഴ്ത്തുന്നമറ്റൊരു സംഗതി റിഫോം യു കെ യ്ക്ക് 10 ശതമാനം പിന്തുണ ലഭിച്ചു എന്നതാണ്. ഇതുവരെയുള്ള അഭിപ്രായ സർവ്വേകളിൽ അവർക്ക് ലഭിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ പോയിന്റ് നിലയാണത്. റുവാണ്ടൻ പദ്ധതിക്ക് സുപ്രീം കോടതി തടയിട്ടതോടെ ചാനൽ വഴിയുള്ള കുടിയേറ്റം തടയുന്നതിനുള്ള നടപടികൾ കുറച്ച് മന്ദഗതിയിൽ ആയത് ഋഷിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട് എന്ന് കാണാം. സമ്പദ്ഘടന, കുടിയിറ്റം, ആരോഗ്യ സംരക്ഷണം ഇവ മൂന്നുമായിരിക്കും വരുന്ന തെരഞ്ഞെടുപ്പിലെ പ്രധാന അജണ്ട എന്നാണ് ഇപ്പോൾ രാഷ്ട്രീയ വിചക്ഷണന്മാർ പറയുന്നത്.
അജണ്ട പുനർക്രമീകരിക്കാൻ കഴിഞ്ഞ സെപ്റ്റംബർ മുതൽ ഋഷി സുനക് നടത്തുന്ന തുടർച്ചയായ ശ്രമങ്ങൾ എല്ലാം പരാജയപ്പെട്ടിരിക്കുന്നു എന്നാണ് റെഡ്ഫീൽഡിന്റെ റിസർച്ച് ഡയറക്ടർ ഫിലിപ്പ് വാൻ ഷെല്റ്റിംഗ പറയുന്നത്. അദ്ദേഹം നടപ്പിലാക്കിയ ഒരു നയവും ഒരു പരിഷ്‌കരണവും പാർട്ടിയുടെ സ്ഥാനം മെച്ചപ്പെടുത്തിയിട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
© Copyright 2023. All Rights Reserved