സ്കൻതോർപ്പിലെ ബ്രിട്ടീഷ് സ്റ്റീൽ കമ്പനിയിൽനിന്ന് ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . ബ്ലാസ്റ്റ് ഫർണർ ചൂളകളുടെ പ്രവർത്തനം നിർത്തുന്നതാണ് ഏകദേശം 2500 തൊഴിലാളികൾക്ക് ജോലി നഷ്‌ടപ്പെടുന്ന സാഹചര്യം ഉടലെടുക്കാൻ കാരണമാകുന്നത്. ഈ വർഷം ക്രിസ്തുമസിന് മുമ്പ് നിരവധി തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുമെന്നും അത് ലിങ്കൺ ഷെയറിലെ ലോക്കൽ കമ്മ്യൂണിറ്റിയെ വളരെ അധികം ബാധിക്കുമെന്നും ജി എം ബി യൂണിയൻ മുന്നറിയിപ്പ് നൽകി.
-------------------aud--------------------------------
മലിനീകരണം കുറയ്ക്കുന്നതിനുള്ള പുതിയ സാങ്കേതികവിദ്യ ബ്രിട്ടീഷ് സ്റ്റീലിൽ നടപ്പിലാക്കുന്നതിനുള്ള ചർച്ചകൾ കമ്പനിയും യുകെ ഗവൺമെൻ്റുമായി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനായി 600 മില്യൺ പൗണ്ടിന്റെ സഹായമാണ് ഗവൺമെൻറ് കമ്പനിക്ക് നൽകുന്നത്. ഈ ഫണ്ട് ഉപയോഗിച്ച് ബ്ലാസ്റ്റ് ഫർണറുകൾ അടയ്ക്കുകയും അതിനുപകരം ഇലക്ട്രിക് ഫർണറുകൾ കമ്പനിയിൽ സ്ഥാപിക്കുന്നതിനുമുള്ള നടപടികളാണ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. ചൂളകൾ അടച്ചുപൂട്ടുന്നതിലൂടെ തൊഴിലാളികൾക്ക് ഉണ്ടാകുന്ന തൊഴിൽ നഷ്‌ടത്തെ കുറിച്ച് ഉടനടി ചർച്ച നടത്തണമെന്ന് ജി എം ബി ട്രേഡ് യൂണിയൻ ബ്രിട്ടീഷ് സ്റ്റീലിനോടും യുകെ ഗവൺമെൻ്റിനോടും ആവശ്യപ്പെട്ടു. എന്നാൽ തൊഴിലാളികളെ പിരിച്ചുവിടുന്ന കാര്യങ്ങളെ കുറിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് ബ്രിട്ടീഷ് സ്റ്റീലിന്റെ ഉടമസ്ഥരായ ചൈനീസ് കമ്പനിയുടെ നിലപാട്. യുകെയിലെ മറ്റൊരു സ്റ്റീൽ നിർമ്മാണ കമ്പനിയായ ഇന്ത്യൻ ഉടമസ്ഥതയിലുള്ള ടാറ്റാ സ്റ്റീലിന് സമാനമായ സാഹചര്യം ഉടലെടുത്തിരുന്നു. ടാറ്റാ സ്റ്റീലിൽ തൊഴിലാളികളെ പിരിച്ചു വിടുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് തൊഴിലാളി യൂണിയനുകൾ ഉയർത്തിയത്. 40 വർഷത്തെ ചരിത്രത്തിൽ ആദ്യമായി കമ്പനിയിൽ തൊഴിലാളികൾ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. എന്നാൽ കമ്പനിയും തൊഴിലാളികളും തമ്മിൽ നടത്തിയ ചർച്ചയിൽ പുരോഗതി ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ മാസം ജൂലൈ 8 മുതൽ നടക്കാനിരുന്ന പണിമുടക്ക് മാറ്റിവെയ്ക്കുകയായിരുന്നു . തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള പദ്ധതികളും കൂടുതൽ നിക്ഷേപങ്ങളും നടത്തുന്നതിനെ കുറിച്ച് കമ്പനിയുടെ ഭാഗത്തുനിന്നും അനുകൂല സമീപനം ചർച്ചകളിൽ ഉരുത്തിരിഞ്ഞതാണ് തൊഴിലാളികൾ പണിമുടക്ക് ഒഴിവാക്കുന്ന സാഹചര്യം സൃഷ്ടിച്ചത്.
© Copyright 2023. All Rights Reserved