കാനഡയെയും പാകിസ്ഥാനെയും തോൽപ്പിച്ച ആതിഥേയരായ അമേരിക്ക നാലു പോയൻറും +0.626 നെറ്റ് റൺറേറ്റുമായി ഗ്രൂപ്പിൽ ഇന്ത്യക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ്. രണ്ട് കളികളിൽ ഒരു ജയത്തിൽ നിന്ന് നേടിയ രണ്ട് പോയൻറുമായി കാനഡയാണ് മൂന്നാമത്. രണ്ട് മത്സരങ്ങളും തോറ്റ പാകിസ്ഥാനും അയർലൻഡിനും ഇതുവരെ പോയൻറൊന്നും നേടാനായിട്ടില്ല. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് സൂപ്പർ 8ലേക്ക് മുന്നേറുക. അയർലൻഡും കാനഡയുമാണ് ഇനിയുള്ള മത്സരങ്ങളിൽ പാകിസ്ഥാൻറെ എതിരാളികൾ. അട്ടിമറി വീരൻമാരായ അയർലൻഡ് ലോകകപ്പിന് തൊട്ടു മുമ്പ് നടന്ന ടി20 പരമ്പരയിൽ പാകിസ്ഥാനെ അട്ടിമറിച്ച ടീം കൂടിയാണ്. ഇതിന് പുറമെ കാനഡക്കെതിരായ മത്സരം ഇന്നലെ ഇന്ത്യക്കെതിരായ മത്സരം നടന്ന ന്യൂയോർക്കിലെ നാസൗ കൗണ്ടി സ്റ്റേഡിയത്തിലാണെന്നത് പാകിസ്ഥാൻറെ ചങ്കിടിപ്പ് കൂട്ടുന്ന കാര്യമാണ്. നാളെയാണ് പാകിസ്ഥാൻ-കാനഡ പോരാട്ടം. 16ന് അയർലൻഡിനെതിരായ മത്സരം ഫ്ലോറിഡയിലാണ്. അടുത്ത രണ്ട് മത്സരങ്ങൾ മികച്ച മാർജിനിൽ ജയിക്കുകയും അമേരിക്ക അടുത്ത രണ്ട് കളികളും പരാജയപ്പെടുകയും ചെയ്താൽ മാത്രമെ പാകിസ്ഥാന് ഇനി സൂപ്പർ 8ലേക്ക് മുന്നേറാനാവു. ഒപ്പം കാനഡയുടെയും അയർലൻഡിൻറെയും മത്സരഫലങ്ങളും അനുകൂലമാകണം. ഇന്ത്യയും അയർലൻഡുമാണ് ഇനി അമേരിക്കയുടെ എതിരാളികളെന്നതാണ് പാകിസ്ഥാന് അൽപമെങ്കിലും ആശ്വസിക്കാവുന്ന കാര്യം. എങ്കിലും വലിയ സ്കോറുകൾ പിറക്കാത്ത അമേരിക്കൻ പിച്ചുകളിൽ മികച്ച മാർജിനിൽ ജയിച്ച് നെറ്റ് റൺറേറ്റ് മെച്ചപ്പെടുത്തുക എന്നത് വലിയ വെല്ലുവിളിയാണ്. ഇനിയുള്ള രണ്ട് കളികളും ജയിക്കുകയും അമേരിക്ക അവസാന രണ്ട് കളികളും തോൽക്കുകയും ചെയ്താലും നെറ്റ് റൺറേറ്റ് പാകിസ്ഥാന് മുന്നിൽ വലിയ വെല്ലുവിളിയായേക്കുമെന്നാണ് കരുതുന്നത്. ഫ്ലോറിഡയിൽ 14ന് നടക്കുന്ന അമേരിക്ക-അയർലൻഡ് മത്സരത്തിൽ അമേരിക്ക ജയിച്ചാൽ പാകിസ്ഥാൻ സൂപ്പർ 8ലെത്താതെ പുറത്താവും.
© Copyright 2023. All Rights Reserved