ടെസ്റ്റ് ക്രിക്കറ്റിൽ പേസ് ബൗളർമാർ ലെഗ് സ്റ്റംപിന് പുറത്ത് തുടർച്ചയായി ഷോർട്ട് പിച്ച് പന്തുകളോ ബൗൺസറുകളോ എറിയുന്നത് തടയാൻ പുതിയ നിയമം വേണമെന്ന ആവശ്യവുമായി ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്. പലപ്പോഴും ലെഗ് സൈഡ് ബൗണ്ടറിയിൽ ഫീൽഡർമാരെ നിരത്തി ബൗളർമാർ ലെഗ് സ്റ്റംപിന് പുറത്ത് തുടർച്ചയായി ഷോർട്ട് ബോൾ എറിഞ്ഞ് ബാറ്റർമാരെ കുടുക്കാൻ ശ്രമിക്കാറുണ്ട്. പല പന്തുകളും ബാറ്റർക്ക് നേരെയല്ലെങ്കിൽ അയാളത് കളിക്കാതെ വിടുകയും ചെയ്യും. എന്നാൽ ഇത്തരം പന്തുകൾ തുടർച്ചയായി എറിഞ്ഞാൽ വൈഡ് വിളിക്കണമെന്നാണ് സ്മിത്തിൻറെ ആവശ്യം. ലെഗ് സ്റ്റംപിന് പുറത്ത് തുടർച്ചയായി ഷോർട് പിച്ച് പന്തുകളെറിഞ്ഞാൽ ആദ്യം ബൗളർക്ക് മുന്നറിയിപ്പ് നൽകുകയും പിന്നീട് അമ്പയർ വൈഡ് വിളിക്കുകയും വേണമെന്ന് സ്മിത്ത് പറഞ്ഞു. കഴിഞ്ഞ ആഴ്ച വിരമിക്കൽ പ്രഖ്യാപിച്ച ന്യൂസിലൻഡ് പേസറായിരുന്ന നീൽ വാഗ്നർ സ്മിത്തിനെതിരെ ഷോർട്ട് പിച്ച് പന്തുകളെറിഞ്ഞ് നിരവധി തവണ വിക്കറ്റെടുത്തിരുന്നു.വാഗ്നർ വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്മിത്ത് ക്രിക്കറ്റ് നിയമം മാറ്റണമെന്ന നിർദേശവുമായി എത്തിയിരിക്കുന്നത്. ലെഗ് സ്റ്റംപിന് ഒരുപാട് പുറത്തേക്ക് പോകുന്ന ഷോർട്ട് ബോളുകളിൽ ബാറ്റർക്ക് റണ്ണെടുക്കാനാവില്ലെന്നും അതിനാൽ തന്നെ ആദ്യം മുന്നറിയിപ്പ് കൊടുക്കുകയും പിന്നീട് വൈഡ് വിളിക്കുകയും വേണമെന്നും സ്മിത്ത് പ്രമുഖ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.ഡേവിഡ് വാർണർ ടെസ്റ്റിൽ നിന്ന് വിരമിച്ചതോടെ ഓപ്പണറുടെ റോളിൽ ഇറങ്ങുന്ന സ്മിത്തിന് ഇതുവരെ പുതിയ റോളിൽ മികവ് കാട്ടാനായിട്ടില്ല. വെസ്റ്റ് ഇൻഡീസിനെിരെ നേടിയ 91 റൺസാണ് ഓപ്പണറായി സ്മിത്തിൻറെ ഉയർന്ന സ്കോർ. അവസാന ആറ് ടെസ്റ്റ് ഇന്നിംഗ്സിൽ ഒരു തവണ മാത്രം അർധസെഞ്ചുറി നേടിയ സ്മിത്ത് ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൻറെ ആദ്യ ഇന്നിംഗ്സിൽ 31ഉം രണ്ടാം ഇന്നിംഗ്സിൽ പൂജ്യത്തിനും പുറത്തായിരുന്നു.
© Copyright 2024. All Rights Reserved