ഏറ്റവും പുതിയ സംഭവ വികാസത്തിൽ ബോക്സോഫീസ് തകർത്തോടുന്ന സൽമാൻ ഖാൻ നായകനായ ടൈഗർ 3 സിനിമയ്ക്ക് ഖത്തർ, ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങളിൽ വിലക്ക് ലഭിച്ചതായി റിപ്പോർട്ട്. മൂന്ന് തവണ സെൻസർ നടത്തിയെങ്കിലും ചിത്രത്തിന് പ്രദർശനാനുമതി ലഭിച്ചില്ലെന്നാണ് വിവരം.
അതേ സമയം ഈ വിലക്ക് താൽക്കാലികമാണെന്നും വരും ദിവസങ്ങളിൽ നടക്കുന്ന അവലോകനങ്ങളിൽ ഈ തീരുമാനം മാറാം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതേസമയം കുവൈത്തിൽ ആദ്യം തടഞ്ഞെങ്കിലും പിന്നീട് അനുമതി നൽകി. ഗൾഫിലെ യുഎഇ, സൌദി, ബഹ്റിൻ എന്നിവിടങ്ങളിൽ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്.
സിനിമയിലെ ചില രംഗങ്ങളിലെ പരമാർശങ്ങളാണ് വിലക്കിന് കാരണം എന്നാണ് മിഡിൽ ഈസ്റ്റ് മോണിറ്ററിനെ ഉദ്ധരിച്ച് മാഷബിൾ മിഡിൽ ഈസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ എൻറർടെയ്മെൻറ് സൈറ്റായ കോയ്‌മോയ് പറയുന്നത് പ്രകാരം ട്രെയിലറിൽ അടക്കം കാണിക്കുന്ന സിനിമയിലെ നായിക കത്രീന കൈഫിൻറെ ഒരു ടവൽ ഫൈറ്റ് അടക്കം ചില പ്രത്യേക സീനുകളാണ് വിലക്കിലേക്ക് നയിച്ചത് എന്നാണ് പറയുന്നത്. എന്തായാലും ഈ വാർത്ത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ചർച്ചയ്ക്ക് വഴി വയ്ക്കുന്നുണ്ട്. അതേ സമയം സമീപ കാലത്ത് വൻ ഹിറ്റുകൾ ലഭിക്കാതിരുന്ന സൽമാൻ ഖാന് തിരിച്ചുവരവാണ് ടൈഗർ 3 കണക്കുകൾ പറയുന്നത്. യാഷ് രാജ് ഫിലിംസിൻറെ പുതിയ ചിത്രം ടൈഗർ 3. വൈആർഎഫ് സിനിമാറ്റിക് യൂണിവേഴ്സിൽ പഠാന് ശേഷം എത്തിയ ചിത്രം ബോളിവുഡിൻറെ ദീപാവലി റിലീസ് ആയിരുന്നു.
വൻ പ്രീ റിലീസ് ഹൈപ്പ് നേടിയിരുന്ന ചിത്രത്തിന് വലിയ അഭിപ്രായങ്ങൾ നേടാനായില്ലെങ്കിലും ബോക്സ് ഓഫീസിൽ മികച്ച ഓപണിംഗ് ആണ് നേടിയത്. ഇപ്പോഴിതാ ഏറ്റവും പുതിയ കളക്ഷൻ റിപ്പോർട്ടും പുറത്തിറക്കിയിരിക്കുകയാണ് നിർമ്മാതാക്കൾ.
ദീപാവലി ഞായറാഴ്ച ആയിരുന്നതിനാൽ അന്നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. ഞായറാഴ്ച റിലീസ് എന്നത് ഏത് ഇൻഡസ്ട്രിയിലും അപൂർവ്വമാണ്. ആദ്യദിനം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 94 കോടി നേടിയ ചിത്രത്തിൻറെ 3 ദിവസത്തെ കളക്ഷനാണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്. പഠാനോളമോ ഷാരൂഖ് ഖാൻറെ കഴിഞ്ഞ ചിത്രമായ ജവാനോളമോ എത്തിയില്ലെങ്കിലും ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് സൽമാൻ ഖാൻ നടത്തിക്കൊണ്ടിരിക്കുന്നത്. ഞായർ, തിങ്കൾ, ചൊവ്വ ദിനങ്ങളിലായി 240 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്.
© Copyright 2024. All Rights Reserved