ഈ വർഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ടോറികൾക്ക് 200 സീറ്റുകളെങ്കിലും നഷ്ടമാകുമെന്നു പോൾ പ്രവചനങ്ങൾ. 1997-ലെ പൊതുതെരഞ്ഞെടുപ്പിൽ ടോറികൾ നേരിട്ടതിനു സമാനമായ തെരഞ്ഞെടുപ്പ് ദുരന്തം ഇക്കുറി സുനാകിനെയും സംഘത്തെയും കാത്തിരിക്കുന്നുവെന്ന് സർവേയുടെ മുന്നറിയിപ്പ്.
-------------------aud--------------------------------
1997-ലേതിന് സമാനമായ രീതിയിൽ പാർട്ടി പരാജയത്തിന്റെ പടുകുഴിയിലേക്ക് പതിക്കുമെന്നാണ് ഫലം പറയുന്നത്. 14,000 പേരിൽ നടത്തിയ സർവ്വേയിൽ പുറത്തുവന്നത് ഈ വർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ ടോറികൾക്ക് 200 സീറ്റുകൾ വരെ നഷ്ടമാകും എന്നാണ്. ഇത് കീർ സ്റ്റാർമർക്ക് 120 സീറ്റിന്റെ ഭൂരിപക്ഷം നേടിക്കൊടുക്കും.
പാർട്ടി ലഭിക്കുന്ന പിന്തുണയുടെ കാര്യത്തിൽ, 1906 ന് ശേഷം നടക്കുന്ന ഏറ്റവും വലിയ തകർച്ചയായിരിക്കും കൺസർവേറ്റീവ് പാർട്ടി നേരിടുക എന്നും സർവ്വേയിൽ പറയുന്നു. ഏതാണ്ട് 11.5 ശതമാനം വോട്ടുകൾ ലേബർ പാർട്ടിയിലേക്ക് ഒഴുകും. ഏറ്റവും ചുരുങ്ങിയത് 11 ക്യാബിനറ്റ് മന്ത്രിമാരെങ്കിലും ഈ കുത്തൊഴുക്കിൽ പെട്ട് ഒലിച്ചു പോകുമെന്നും സർവ്വേ ഫലത്തിൽ പറയുന്നു. തന്റെ നിയോജകമണ്ഡലമായ സൗത്ത് വെസ്റ്റ് സറേയിൽ ചാൻസലർ ജെറമി ഹണ്ട് ലെബറൽ ഡൊക്രാറ്റ്സ് സ്ഥാനാർത്ഥിയോട് തോൽക്കുമെന്നും പറയുന്നുണ്ട്.
ഇത് സംഭവിച്ചാൽ, ബ്രിട്ടന്റെ ചരിത്രത്തിൽ തന്നെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്ന ആദ്യ ചാൻസലർ എന്ന പദവി ജെറമി ഹണ്ടിന് സ്വന്തമാകും. അതുപോലെ തന്നെ പെന്നി മോർഡൗണ്ട് ഗ്രാന്റ് ഷാപ്സ്, സർ ഇയാൻ ഡൻകൻ സ്മിത്ത് തുടങ്ങിയ ഭരണകക്ഷിയിലെ പല പ്രമുഖ നേതാക്കളും പരാജയത്തിന്റെ നിഴലിലാണ്. അതിനിടയിൽ റിഫോം പാർട്ടിയും ടോറികൾക്ക് വിപരീത ഫലം ഉണ്ടാകുന്ന രീതിയിൽ തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തും എന്നാണ് യു ഗവ് പോൾ പറയുന്നത്. എന്നാലും, റിഫോം പാർട്ടിക്ക് സീറ്റുകൾ ലഭിക്കുമെന്ന് പ്രവചിക്കുന്നില്ല. ഏതാണ്ട് 96 എംപിമാരുടെ തെരഞ്ഞെടുപ്പ് ഫലത്തിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ പക്ഷെ റിഫോം പാർട്ടിക്ക് കഴിയും.
അതേസമയം, മുൻനിര രാഷ്ട്രീയത്തിലേക്ക് ഒരു തിരിച്ചു വരവ് നടത്തുന്ന കാര്യം ഗൗരവപൂർവ്വം ആലോചിക്കുകയാണെന്ന് നിഗെൽ ഫരാജെ പറഞ്ഞു. ഒരു സീറ്റിൽ ജയിക്കാൻ കഴിയുമെന്നും അദ്ദെഹം സൂചിപ്പിക്കുന്നു. ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബോറിസ് ജോൺസന്റെ നേതൃത്വത്തിൽ കൺസർവേറ്റീവുകൾ പിടിച്ചെടുത്ത ലേബർ സീറ്റുകൾ എല്ലാം തന്നെ ഇത്തവണ നഷ്ടപ്പെടും എന്നാണ്. അതുപോലെ സ്‌കോട്ടിഷ് നാഷണൽ പാർട്ടിയുടെ പകുതിയോളം സീറ്റുകൾ ലേബർ പാർട്ടി പിടിച്ചെടുക്കുമെന്നും ടെലഗ്രാഫ് പറയുന്നു.
2019ൽ നേടിയതിനേക്കാൾ 196 സീറ്റുകൾ കുറവായിരിക്കും ഇത്തവണ ടോറികൾക്ക് ലഭിക്കുക. 1997-ൽ സർ ജോൺ മേജർ നേരിട്ടതിലും വൻ പരാജയമായിരിക്കും ഇത്. ഏതായാലും പുതിയ സർവേഫലം കൺസർവേറ്റീവ് പാർട്ടി എം പിമാർ ഗൗരവത്തോടെയാണ് കാണുന്നത്. പൊതു തെരഞ്ഞെടുപ്പിന് മുൻപായി ഒരു നേതൃമാറ്റം ആവശ്യമെന്ന വാദത്തിന് ഇതോടെ ശക്തി വർദ്ധിക്കാൻ ഇടയുണ്ട്.
© Copyright 2023. All Rights Reserved