ഡൊണാൾഡ് ട്രംപിന്റെ അമ്പരപ്പിക്കുന്ന വിജയം പ്രതിസന്ധിയിലാക്കിയിരിക്കുന്നത് ബ്രിട്ടീഷ് സർക്കാരിനെയാണ്. നിയോ നാസിസ്റ്റ് എന്നും മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കാൻ കഴിയാത്തവൻ എന്നുമൊക്കെ ട്രംപിനെ അവഹേളിച്ച ഫോറിൻ സെക്രട്ടറി ഡേവിഡ് ലാമിയുടെ നടപടിയാണ് ഇപ്പോൾ ലേബർ സർക്കാരിനെ തിരിച്ചടിയായിരിക്കുന്നത്. ഡേവിഡ് ലാമിയെ മാറ്റിയില്ലെങ്കിൽ ബ്രിട്ടൻ കടുത്ത അവഗണ നേരിടേണ്ടി വരുമെന്നാണ് അമേരിക്കൻ കാര്യ വിദഗ്ധനായ നൈൽ ഗാർഡിനർ മുന്നറിയിപ്പ് നൽകുന്നത്.
-------------------aud--------------------------------
ഉഭയകക്ഷി ചർച്ചകളിലും മറ്റും ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ട്രംപ് പരിഗണിക്കുക തികഞ്ഞ അജ്ഞനായ ഒരു വ്യക്തി എന്ന നിലയിലായിരിക്കുമെന്നും അദ്ദേഹം പറയുന്നു. നിരവധി ലേബർ നേതാക്കാൾ, തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കമല ഹാരിസിനെ സഹായിക്കാൻ അമേരിക്കയിലേക്ക് പോയത് കീർ സ്റ്റാർമറെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ബന്ധം ഏറെ വഷളായിരിക്കുകയാണെന്നും ട്രംപിന്റെ ഫ്‌ലോറിഡയിലെ വസതിയിലേക്ക് സ്റ്റാർമർ സ്വാഗതം ചെയ്യപ്പെട്ടേക്കില്ലെന്നും ഗാർഡിനർ പറഞ്ഞു.
എന്നാൽ, ട്രംപിനെ അവഹേളിക്കാൻ മുന്നിട്ടു നിന്ന വിദേശ സെക്രട്ടറി ഡേവിഡ് ലാമിയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കിക്കൊണ്ട് നഷ്ടപ്പെട്ട ബന്ധം പുനസ്ഥാപിക്കാൻ ശ്രമിക്കാമെന്നും ഗാർഡിനർ പറയുന്നു. തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന നാളുകളിൽ ലേബർ പൃവർത്തകരുടെ അമേരിക്കയിലെ പ്രവർത്തനങ്ങൾ അമേരിക്കൻ ഇലക്ഷൻ റെഗുലേറ്ററായ ഫെഡറൽ ഇലക്ഷന് കമ്മീഷനു മുൻപിൽ ലേബർ പാർട്ടി പരാതി നൽകുന്നത് വരെ എത്തിച്ചിരുന്നു.
കീർ സ്റ്റാർമർ സോഷ്യലിസ്റ്റ് കാഴ്ചപ്പാടുള്ള വ്യക്തിയാണെന്നുള്ളതും അതേസമയം ട്രംപ് സോഷ്യലിസ്റ്റ് ആശയത്തെ കാണുന്നത് ശപിക്കപ്പെട്ട സിദ്ധാന്തം എന്ന നിലയിലാണെന്നതും ആണ് ബന്ധത്തിൽ വിള്ളൽ വീഴാൻ കാരണമാകുന്നത്. ഡൊണാൾഡ് ട്രംപ് സ്റ്റാർമറെ വിശ്വാസത്തിലെടുക്കും എന്ന് തനിക്ക് തോന്നുന്നില്ല എന്നും ഗാർഡിനർ പറയുന്നു. പലവിധത്തിലും സ്റ്റാർമറെയും ലേബർ സർക്കാരിനെയും ഒരു ശല്യമായി മാത്രമെ ട്രംപ് കാണാനിടയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
മദ്ധ്യപൂർവ്വേഷ്യയിലെ പ്രശ്‌നങ്ങളിലായിരിക്കും ഇരു കൂട്ടരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം കൂടുതൽ പ്രകടമാവുക. അടുത്തിടെ ഇസ്രയേലിന് ചില ആയുധങ്ങൾ നൽകുന്നത് ബ്രിട്ടൻ നിർത്തിവെച്ചിരുന്നു. അതേസമയം, ഇസ്രയേലിനെ ശക്തമായി പിന്തുണയ്ക്കുന്ന നിലപാടാണ് ട്രംപിന്റെത്. അതേ ആവേശത്തിൽ തന്നെ ഇസ്രയേലിന്റെ ഇറാൻ ആക്രമത്തെ ട്രംപ് പിന്തുണച്ചപ്പോൾ അതിനെതിരെ കരുതലോടെയായിരുന്നു ബ്രിട്ടൻ പ്രതികരിച്ചത്. അതുപോലെ കാലാവസ്ഥാ വ്യതിയാനം, ബ്രെക്സിറ്റ് തുടങ്ങിയവയിലും ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം പ്രകടമാണ്.
അതിതീവ്ര ദേശീയതയെ എതിർക്കുന്ന ട്രംപ് യൂറോപ്യൻ യൂണിയനെ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. അതുപോലെ വ്യക്തി തലത്തിലും ഇരുവർക്കും ഇടയിൽ ഭിന്നിപ്പുണ്ട്. കീർ സ്റ്റാർമറെ, വകവെക്കേണ്ടതില്ലാത്ത ഒരാളായാട്ടായിരിക്കും ട്രംപ് കാണുക. ആവേശഭരിതനായ ഒരു ഇടതുപക്ഷക്കാരൻ എന്നതായിരിക്കും ട്രംപിന്റെ മനസ്സിൽ സ്റ്റാർമറെ കുറിച്ചുള്ള ചിത്രം എന്നും ഗാർഡിനർ പറയുന്നു. ഇത്തരത്തിലുള്ള ഇടതുപക്ഷക്കാരെ എന്നും വെറുക്കുന്ന വ്യക്ത്യാണ് ട്രംപ്.
ബ്രിട്ടന്റെ വളർച്ചയെ തന്നെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന ട്രേഡ് ടാരിഫുകൾ ഏർപ്പെടുത്തരുതെന്ന് ചാൻസലർ റേച്ചൽ റീവ്‌സ് അമേരിക്കയുടെ നിയുക്ത പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനോട് അഭ്യർത്ഥിച്ചു. ഇക്കാര്യം കൂടുതൽ ശക്തിയായി താൻ ട്രംപിന് മുൻപിൽ അവതരിപ്പിക്കുമെന്നും അവർ പറഞ്ഞു
ഡൊണാൾഡ് ട്രംപിനെ നിയോ നാസി എന്ന് വിളിച്ച് അധിക്ഷേപിച്ച ഡേവിഡ് ലാമിയും മറ്റ് ലേബർ നേതാക്കളും ക്ഷമാപണം നടത്തണമെന്ന് കൺസർവേറ്റീവ് പാർട്ടി ആവശ്യപ്പെട്ടിരിക്കുകയാണ്. മാത്രമല്ല, ട്രംപിന്റെ വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ച എലൻ മസ്‌കുമായി നേരത്തെ പ്രധാനമന്ത്രി കീർ സ്റ്റാർമർ ഇടഞ്ഞിരുന്നു. ട്രംപ് ഭരണകൂടത്തിൽ മസ്‌കിന് നിർണ്ണായക സ്വാധീനം ഉണ്ടാകും എന്നതും ബ്രിട്ടീഷ് സർക്കാരിന് ഏറെ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം.
തെരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രിയും ലാമിയും ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ ട്രംപിനെ പരാമർശിച്ച് പറഞ്ഞ വാക്കുകൾക്കെതിരെ പാർലമെന്റിൽ ടോറികളുടെ പുതിയ നേതാവ് കെമി ബേഡ്‌നോക്ക് ശക്തമായി വിമർശിച്ചു. ട്രംപിനെ ബ്രിട്ടനിലേക്ക് ക്ഷണിക്കണമെന്നും പാർലമെന്റിന്റെ ഇരു സഭകളെയും അഭിസംബോധന ചെയ്ത് സംസാരിക്കാൻ അദ്ദേഹത്തിന് അവസരം ഒരുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
© Copyright 2024. All Rights Reserved