ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായാൽ അന്നു തന്നെ ഡിജിറ്റൽ ലൈസൻസ് ഡൗൺലോഡ് ചെയ്യാമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. പൊലീസായാലും എംവിഡി ആയാലും ചോദിച്ചാൽ ഫോണിലെ ഡിജിറ്റൽ ലൈസൻസ് കാണിച്ച് കൊടുത്താൽ മതി. പ്രിൻറഡ് ലൈസൻസിനായി നിർബന്ധിക്കരുതെന്ന് ഇന്ത്യയുടെ മോട്ടോർ വെഹിക്കിൾ ആക്ടിൽ പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഇന്ത്യയിൽ ഡിജിറ്റൽ ലൈസൻസ് ഏർപ്പെടുത്തുന്ന മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. ഡിജിറ്റൽ ലൈസൻസിന് 200 രൂപ സർവീസ് ചാർജ് ഏർപ്പെടുത്തിയെന്ന വ്യാജ പ്രചാരണം അടുത്ത കാലത്തുണ്ടായി. അങ്ങനെയൊരു ദ്രോഹം സർക്കാർ ചെയ്യില്ലെന്ന് മന്ത്രി പറഞ്ഞു. പ്രിൻറഡ് ലൈസൻസ് വേണ്ടവരാണ് പോസ്റ്റൽ ചാർജ് ഉൾപ്പെടെ അടയ്ക്കേണ്ടത്. അതിൻറെ ആവശ്യം വരുന്നില്ലെന്നും വേണമെങ്കിൽ ലൈസൻസ് സ്വയം പ്രിൻറെടുത്ത് സൂക്ഷിക്കാമെന്നും മന്ത്രി വിശദീകരിച്ചു. ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായിട്ടും ലൈസൻസ് കിട്ടാൻ വൈകുന്നുവെന്ന പരാതി പല തവണ കേട്ടെന്നും അതുകൊണ്ടാണ് ലൈസൻസ് ഡിജിറ്റലാക്കിയതെന്നും ഗണേഷ് കുമാർ പറഞ്ഞു. അടുത്ത ഘട്ടമായി ആർസി ബുക്കും ഡിജിറ്റലാക്കുമെന്ന് മന്ത്രി അറിയിച്ചു.
© Copyright 2025. All Rights Reserved