എൻഎച്ച്എസ് ജൂനിയർ ഡോക്ടർമാരുടെ സമരങ്ങൾ തുടരുന്ന സാഹചര്യത്തിൽ സമ്മർദം കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഡിസ്ചാർജ്ജ് ചെയ്യുന്ന രോഗികളെ ആശുപത്രികളിൽ നിന്നും കുടുംബാംഗങ്ങൾ കൂട്ടിക്കൊണ്ട് പോകാൻ തയ്യാറായിരിക്കണമെന്ന് അഭ്യർത്ഥന. ഹെൽത്ത് സർവ്വീസിനെ സ്വന്തം സ്വത്തായി കണക്കാക്കി പ്രവർത്തിക്കുന്ന ഡോക്ടർമാർക്കെതിരെ ഹെൽത്ത് സെക്രട്ടറി വിക്ടോറിയ ആറ്റ്കിൻസ് രംഗത്തെത്തി.
-------------------aud--------------------------------
രോഗികളുടെ സുരക്ഷയെ കരുതി സമരങ്ങളിൽ നിന്നും പിൻവാങ്ങണമെന്ന അഭ്യർത്ഥന ഡോക്ടർമാർ തള്ളിയതോടെയാണ് രൂക്ഷവിമർശനം. എൻഎച്ച്എസ് നേരിടുന്ന അതിഗുരുതരമായ സമ്മർദത്തിൽ നിന്നും ആശ്വാസമേകാൻ പിക്കറ്റ് ലൈനിൽ നിന്നും മടങ്ങിയെത്താനുള്ള നിരവധി ട്രസ്റ്റുകളുടെ ആവശ്യമാണ് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ തള്ളിയത്.
20-ഓളം അപേക്ഷകൾ ലഭിച്ചെങ്കിലും ബിഎംഎ ഇത് തള്ളുകയായിരുന്നു. അംഗീകരിച്ച പ്രോട്ടോകോൾ തള്ളിയാണ് ഡോക്ടർമാർ ഈ വഴിതെരഞ്ഞെടുക്കുന്നതെന്നാണ് ആരോപണം. ബിഎംഎ രാഷ്ട്രീയ സമ്മർദത്തിന് കീഴടങ്ങിയെന്നും ആരോപണമുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കാൻ രോഗികളുടെ കുടുംബങ്ങൾ തയ്യാറാകണമെന്നാണ് ഇപ്പോൾ ചില ആശുപത്രികൾ ആവശ്യപ്പെടുന്നത്.
വീട്ടിൽ പോകാൻ സാധിക്കുന്ന രോഗികളെ ഡിസ്ചാർജ്ജ് ചെയ്യുമ്പോൾ ഇവരെ കൂട്ടിക്കൊണ്ട് പോകാൻ ബന്ധുക്കൾ തയ്യാറായിരിക്കണമെന്നാണ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽസ് പ്ലൈമൗത്ത് എൻഎച്ച്എസ് ട്രസ്റ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. രോഗികളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് ബിഎംഎയുടെ ആരോപണത്തിന് മറുപടിയായി എൻഎച്ച്എസ് ഇംഗ്ലണ്ട് യൂണിയന് കത്തയച്ചു. ഇതിനകം 200,000 അപ്പോയിന്റ്‌മെന്റുകളും, ഓപ്പറേഷനുകളുമാണ് റദ്ദാക്കിയിട്ടുള്ളത്.
© Copyright 2024. All Rights Reserved