അന്താരാഷ്ട്ര വിപണിയിൽ ഡോളറിന്റെ അധീശത്വം ചോദ്യംചെയ്യുന്ന രാജ്യങ്ങളെ 100 ശതമാനം നികുതി ചുമത്തി മുടിപ്പിക്കുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. അന്താരാഷ്ട്ര ഇടപാടുകളിൽ ഡോളർ ഒഴിവാക്കി അതതു രാജ്യത്തെ കറൻസിയിൽ ഇടപാട് നടത്താനുള്ള ബ്രിക്‌സ് രാജ്യങ്ങളുടെ നീക്കമാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. ഇന്ത്യ, ചൈന, റഷ്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക, ഇറാൻ, ഈജിപ്ത്, ഇത്യോപ്യ, യുഎഇ എന്നീ രാജ്യങ്ങളുടെ കൂട്ടായ്‌മയാണ് ബ്രിക്‌സ്.
-------------------aud--------------------------------
ബ്രിക്‌സ് കൂട്ടായ്‌മയിൽ പൊതുകറൻസി രൂപീകരിക്കാനുള്ള ചർച്ച സജീവമാണ്. 2023ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പതിനഞ്ചാം ബ്രിക്‌സ് ഉച്ചകോടിയിൽ ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവയാണ് അന്താരാഷ്ട്ര ഇടപാടുകൾക്ക് ഡോളർ ഇതര കറൻസിയെന്ന നിർദേശം മുന്നോട്ടുവച്ചത്. കഴിഞ്ഞ മാസം റഷ്യയിലെ കസാനിൽ ചേർന്ന ബ്രിക്‌സ് ഉച്ചകോടിയിലും ഇത് ചർച്ചയായി. പ്രാദേശിക കറൻസികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രൂപയിലും റഷ്യയുടെ റൂബിളിലും ചൈനയുടെ യുവാനിലും ഇടപാടുകൾ നടത്താൻ നീക്കമുണ്ട്.
എന്നാൽ, അമേരിക്കയോട് ആശ്രിതത്വം പുലർത്തുന്ന നരേന്ദ്ര മോദി സർക്കാർ ഡോളറിനെതിരായ നീക്കം വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. ഡോളറിനെ ആയുധമാക്കുന്നതിനെതിരെ ഉച്ചകോടിയിൽ റഷ്യ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ ആഞ്ഞടിച്ചിരുന്നു. ചൈനയും ബദൽകറൻസിക്ക് അനുകൂലമാണ്. നിലവിൽ ലോകത്തെ വിദേശനിക്ഷേപത്തിന്റെ 58 ശതമാനവും ഡോളറിലാണ്. എണ്ണ വിൽപ്പനയുടെ ഭൂരിഭാഗത്തിനും ഡോളറാണ് അടിസ്ഥാന കറൻസി. എന്നാൽ, ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാഷ്ട്രമായ സൗദി അറേബ്യ, അന്താരാഷ്ട്ര എണ്ണ വിൽപ്പനയിൽ ഡോളറിനെ അടിസ്ഥാന കറൻസിയാക്കിയ അമ്പതുവർഷത്തെ കരാർ പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ശ്രീലങ്കയുൾപ്പെടെ പല രാജ്യങ്ങളും ഉഭയകക്ഷി ഇടപാടുകൾ ഇന്ത്യൻ രൂപയിലുൾപ്പെടെ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
© Copyright 2024. All Rights Reserved