സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഇനി മുതൽ കർശനമാക്കും എന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. എച്ച് എടുത്ത് കാണിച്ചത് കൊണ്ട് മാത്രം കാര്യമില്ല എന്നും പാർക്കിംഗ്, റിവേഴ്സ് ഗിയറിലുള്ള പാർക്കിംഗ്, കയറ്റത്തിൽ നിർത്തി ഇറക്കുന്നത് എല്ലാം ചെയ്ത് കാണിച്ചാൽ മാത്രമേ ഇനി ലൈസൻസ് നൽകുകയുള്ളൂ എന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു. ലൈസൻസുകളുടെ എണ്ണം കുറയ്ക്കും എന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം 500 ലൈസൻസ് കൊടുത്ത് ഗിന്നസ് ബുക്കിൽ കയറി റെക്കോഡ് നേടാൻ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥർ ഡ്രൈവിംഗ് ടെസ്റ്റിനിടെ മോശമായി പെരുമാറുന്നുവെന്ന പരാതി പരിഹരിക്കാൻ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന വാഹനങ്ങളിൽ കാമറ സ്ഥാപിക്കും എന്നും വ്യാപകമായി ലൈസൻസ് കൊടുക്കുന്ന ഉദ്യോഗസ്ഥർ ആ സ്ഥാനത്തുണ്ടാവില്ല എന്നും അദ്ദേഹം പറഞ്ഞു.
പലർക്കും ഡ്രൈവിംഗ് അറിയാം. പാർക്കിംഗ് അറിയില്ല. അതുകൊണ്ട് ഈ ആഴ്ച മുതൽ ഡ്രൈവിംഗ് ടെസ്റ്റ് കർശനമാക്കുകയാണ്. നിങ്ങൾ പരാതിയൊന്നും പറയരുത്. ഡ്രൈവിംഗ് ലൈസൻസിന്റെ നമ്പറുകൾ കുറയ്ക്കും. നിങ്ങൾ തന്നെ വാർത്ത കൊടുക്കാറുണ്ട് ഇന്ന അപകടം സംഭവിച്ചു, രണ്ട് പേർ മരിച്ചു, ആർടിഒ ലൈസൻസ് സസ്‌പെൻഡ് ചെയ്തിരിക്കുന്നു എന്ന്ത് . ഒരു കാര്യവുമില്ല.
കാരണം അവൻ വേണമെങ്കിൽ വ്യാജ സർട്ടിഫിക്കറ്റും ലൈസൻസും ഒക്കെ എടുക്കും. അതുകൊണ്ട് ലൈസൻസ് കൊടുക്കുന്നതിന് കർശനമായ പരിശോധന ഉണ്ടായിരിക്കും. ദിവസം 500 ലൈസൻസ് കൊടുത്ത് ഗിന്നസ് ബുക്കിൽ കയറാൻ ആഗ്രഹിക്കുന്നില്ല. ലൈസൻസ് എന്ന് പറഞ്ഞാൽ ലൈസൻസ് ആയിരിക്കണം. വണ്ടിയിൽ എച്ച് ഇട്ടിട്ടൊന്നും കാര്യമില്ല. പാർക്ക് ചെയ്ത് കാണിക്കണം. റിവേഴ്‌സ് കയറ്റി പാർക്ക് ചെയ്ത് കാണിക്കണം. ഞാൻ ഗൾഫിൽ പോയി ലൈസൻസ് എടുത്തിട്ടുള്ള ആളാണ്. എല്ലാം കാണിച്ച് കൊടുത്തിട്ടാണ് ഇട്ടത്. ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന വണ്ടികളിൽ നിർബന്ധമായും ക്യാമറ ഏർപ്പെടുത്തും. അതിനുള്ള ഉത്തരവ് ഉടൻ ഇറക്കും. കാരണം സ്ത്രീകളോട് മോശമായി പെരുമാറുന്നു എന്ന പരാതി ഉയരുന്നുണ്ട്. ഒരുവിധത്തിലുള്ള ഹരാസ്‌മെന്റും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരിൽ നിന്നും ഉണ്ടാകാൻ പാടില്ല.വ്യാപകമായി ലൈസൻസ് കൊടുക്കുന്നവർ ആ ലൈസൻസ് കൊടുക്കുന്ന സ്ഥലത്ത് ഉണ്ടാകില്ല. അങ്ങനെ കൊടുക്കുന്നില്ല. കേരളത്തിലെ ലൈസൻസ് നല്ല അന്തസുള്ള ലൈസൻസായിരിക്കും. വളരെ കുറച്ച് ലൈസൻസേ അനുവദിക്കൂ. തെറ്റ് കണ്ടാൽ ലൈസൻസ് നൽകില്ല. അതൊന്നും ജനകീയപ്രശ്‌നമല്ല. മനുഷ്യ ജീവന്റെ പ്രശ്‌നമാണ്. ലൈസൻസുള്ള പലർക്കും വണ്ടി ഓടിക്കാൻ അറിയില്ല. റിവേഴ്‌സ് എടുത്ത് കയറ്റിയിടാൻ അറിയില്ല എന്നും അദ്ദേഹം കൂട്ടി ചേർത്തു....
© Copyright 2024. All Rights Reserved