കനത്ത മൂടൽമഞ്ഞ് നിറഞ്ഞ രാജ്യതലസ്ഥാനത്ത് ചൊവ്വാഴ്ച രാവിലെയും വ്യോമഗതാഗതം താറുമാറായി. രാവിലെ പുറപ്പെടേണ്ടിയിരുന്ന 17 വിമാനങ്ങൾ റദ്ദാക്കുകയും 30 സർവീസുകൾ വൈകുകയും ചെയ്തു. വടക്കേ ഇന്ത്യയിൽ വരും ദിവസങ്ങളിലും കാലാവസ്ഥ ഇതേ രീതിയിൽ തന്നെ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പുലർച്ചെ 5.30ന് ഡൽഹി പാലം വിമാനത്താവളത്തിലും സഫ്ദർജംഗ് വിമാനത്താവളത്തിലും 500 മീറ്ററിൽ താഴെയായിരുന്നു ദൂരക്കാഴ്ചയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മൂടൽ മഞ്ഞ് പോലെ കാഴ്ച തടസ്സപ്പെടുന്ന സാഹചര്യങ്ങളിലും വിമാനം ലാന്റ് ചെയ്യാനും പറന്നുയരാനും പരിശീലനം സിദ്ധിച്ചിട്ടുള്ള CAT-III പൈലറ്റുമാർക്ക് 50 മീറ്റർ മാത്രം ദൂരത്തിൽ കാഴ്ച സാധ്യമാവുന്ന സമയത്ത് പോലും ലാന്റ് ചെയ്യാനും 125 മീറ്റർ വിസിബിലിറ്റിയുണ്ടെങ്കിൽ ടേക്കോഫ് ചെയ്യാനും സാധിക്കുമെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു.
വിമാനത്താവളത്തിൽ ടോക്കോഫും ലാന്റിങും തുടരുന്നുണ്ടെങ്കിലും CAT III പൈലറ്റുമാരില്ലാത്ത സർവീസുകൾ തടസപ്പെടാൻ സാധ്യതയുണ്ടെന്ന് രാവിൽ ഡൽഹി എയർപോർട്ട് അധികൃതർ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ കാര്യം ഉറപ്പാക്കണം എന്നാണ് നിർദേശം. അതേസമയം മൂന്ന് മണിക്കൂറിൽ കൂടുതൽ വൈകാൻ സാധ്യതയുള്ള സർവീസുകൾ റദ്ദാക്കണമെന്നും ഇത് സംബന്ധിച്ച് യാത്രക്കാർക്ക് നേരത്തെ തന്നെ അറിയിപ്പ് നൽകണമെന്നും സിവിൽ വ്യോമയാന ഡയറക്ടറേറ്റ് തിങ്കളാഴ്ച വിമാന കമ്പനികൾക്ക് നൽകിയ നിർദേശത്തിൽ പറയുന്നു.
© Copyright 2025. All Rights Reserved