ചൈനയിൽ കുട്ടികളിൽ പടരുന്ന അജ്ഞാത ന്യൂമോണിയ ഡൽഹിയിലെ എയിംസിൽ കണ്ടെത്തിയെന്ന റിപ്പോർട്ട് അസംബന്ധമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ചൈനയിലേതിന് സമാനമായ ന്യൂമോണിയ ബാക്ടിരീയകളെ ഡൽഹി എയിംസിൽ കണ്ടെത്തിയെന്ന വാർത്തകൾ തെറ്റിദ്ധാരണാജനകവും വാസ്‌തവമില്ലാത്തതുമാണ്.
മൈക്രോപ്ലാസാമ ന്യൂമോണിയ എന്നത് സർവസാധാരണമായി കണ്ടുവരുന്ന ന്യൂമോണിയ ബാക്ടീരിയയാണ്. എയിംസിൽ കണ്ടെത്തിയ ന്യൂമോണിയ കേസുകൾക്ക്, ചെനയിൽ അടുത്തിടെ കുട്ടികളിൽ വ്യാപകമായി പടർന്നുപിടിക്കുന്ന അജ്ഞാത ന്യൂമോണിയയുമായി ഒരു തരത്തിലുള്ള ബന്ധവുമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ചൈനയിൽ പടർന്നു പിടിക്കുന്ന അജ്ഞാത ന്യൂമോണിയയുടെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ ജാഗ്രതാ നിർദേശം നൽകിയിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖവുമായി എത്തുന്ന രോഗികൾക്ക് മതിയായ ചികിത്സ ഉറപ്പാക്കാൻ ആശുപത്രികളും ആരോഗ്യപ്രവർത്തകരും പരിപൂർണ സജ്ജമായിരിക്കണമെന്ന് നിർദേശത്തിൽ പറയുന്നു. സീസണലായി ഉണ്ടാകുന്ന പനി പോലുള്ള അസുഖങ്ങളിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
ന്യൂസ് ഡസ്ക് മാഗ്ന വിഷൻ…
© Copyright 2024. All Rights Reserved