വനിതാ ക്രിക്കറ്റിൽ പുതിയ റെക്കോർഡ് സ്ഥാപിച്ച് ഇംഗ്ലണ്ട് സ്പിന്നർ ചാർലി ഡീൻ. വനിതാ ഏകദിനത്തിൽ അതിവേഗം 50 വിക്കറ്റുകൾ തികയ്ക്കുന്ന താരമെന്ന റെക്കോർഡാണ് താരം സ്വന്തം പേരിലാക്കിയത്. ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനത്തിലാണ് താരത്തിന്റെ റെക്കോർഡ് നേട്ടം. ബാറ്റിങിനു ഇറങ്ങി മറ്റൊരു റെക്കോർഡ് നേട്ടത്തിലും താരം പങ്കാളിയായി ഇരട്ടി മധുരം നുണഞ്ഞു.
-------------------aud--------------------------------fcf308
26 ഇന്നിങ്‌സുകളിൽ നിന്നാണ് താരം 50 വിക്കറ്റുകൾ സ്വന്തമാക്കിയത്. ഓസ്‌ട്രേലിയൻ ഇടം കൈ സ്പിന്നർ ലിൻ ഫുൾസ്റ്റോൺ സ്ഥാപിച്ച റെക്കോർഡാണ് ഡീൻ പഴങ്കഥയാക്കിയത്. ഫുൾസ്‌റ്റോൺ 27 ഇന്നിങ്‌സുകളിൽ നിന്നാണ് 50 വിക്കറ്റുകൾ വീഴ്ത്തിയത്. 1987ലാണ് താരം റെക്കോർഡിട്ടത്. 37 വർഷമായി തകരാതെ നിന്ന റെക്കോർഡാണ് ഡീൻ തിരുത്തിയത്. കിവി ടീമിനെതിരെ 9 ഓവറിൽ 57 റൺസ് വഴങ്ങി ഡീൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയാണ് നേട്ടത്തിലെത്തിയത്.ബാറ്റിങിനിറങ്ങിയും ഡീൻ റെക്കോർഡ് നേട്ടത്തിൽ പങ്കാളിയായി. വനിതാ ക്രിക്കറ്റിൽ ഏഴാം വിക്കറ്റിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടെന്ന റെക്കോർഡ് നേട്ടത്തിലാണ് ഡീൻ എത്തിയത്. അമി ജോൺസുമായി ചേർന്നു 130 റൺസിന്റെ കൂട്ടുകെട്ടാണ് താരം ഉയർത്തിയത്. അമി 92 റൺസുമായും ഡീൻ 42 റൺസുമായും പുറത്താകാതെ നിന്നു. 2022ൽ ഇന്ത്യയുടെ സ്‌നേഹ് റാണ- പൂജ വസ്ത്രാകർ സഖ്യം നേടിയ 122 റൺസിന്റെ ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇംഗ്ലീഷ് സഖ്യത്തിനു വഴിമാറിയത്.
ന്യൂസിലൻഡ് ആദ്യം ബാറ്റ് ചയ്തു 207 റൺസാണ് നേടിയത്. വിജയം തേടിയിറങ്ങിയ ഇംഗ്ലണ്ട് ഒരു ഘട്ടത്തിൽ 79 റൺസിനിടെ ആറ് വിക്കറ്റുകൾ നഷ്ടമായി പരാജയത്തിന്റെ വക്കിലായിരുന്നു.
ഏഴാം വിക്കറ്റിൽ ഒന്നിച്ച അമി ജോൺസ്- ഡീൻ സഖ്യ അവിശ്വസനീയ വിജയമാണ് അവർക്ക് സമ്മാനിച്ചത്. ഇരുവരും ക്രീസിൽ ഉറച്ചു നിന്നു 130 റൺസിന്റെ അപരാജിത കൂട്ടുകെട്ടുയർത്തിയാണ് ഇംഗ്ലണ്ടിനു ജയം സമ്മാനിച്ചത്.
© Copyright 2023. All Rights Reserved