തടവിലുള്ള പൗരന്മാരെ പരസ്പരം കൈമാറാൻ ഇറാനും യുഎസും ധാരണയായി. ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയെത്തുടർന്നാണ് 5 വീതം പൗരന്മാരെ കൈമാറുന്നത്. യുഎസ് ഉപരോധം മൂലം മരവിപ്പിച്ച ഇറാന്റെ 600 കോടി ഡോളർ നിക്ഷേപം വിട്ടുകൊടുക്കാനും ധാരണയായി.
ഇറാൻ തടവിലാക്കിയ 5 യുഎസ് പൗരന്മാരെ ഖത്തറിന്റെ വിമാനത്തിൽ ദോഹയിലെത്തിക്കും; അവിടെനിന്നു യുഎസിലേക്കു പോകും. യുഎസിൽ മോചിപ്പിക്കപ്പെടുന്ന ഇറാൻ പൗരന്മാർ 3 പേർ നാട്ടിലേക്കു തിരിച്ചെത്തുമെന്നും 2 പേർ യുഎസിൽ തുടരുമെന്നും ഇറാൻ വ്യക്തമാക്കി.
ഇറാനും വൻശക്തികളുമായുള്ള ആണവക്കരാറിൽനിന്നു ട്രംപ് ഭരണകാലത്ത് യുഎസ് ഏകപക്ഷീയമായി പിന്മാറിയതോടെയാണു ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായത്. എണ്ണവ്യാപാരത്തിന്റെ ഭാഗമായി ദക്ഷിണകൊറിയയിലെ ഇറാൻ നിക്ഷേപമാണു 2018ൽ യുഎസ് മരവിപ്പിച്ചത്. ഈ തുക ഖത്തറിനു കൈമാറും.
അതേസമയം ബൈഡൻ സർക്കാർ യുഎസ് പൗരന്മാരെ മോചിപ്പിക്കാൻ കൈക്കൂലി നൽകുന്നുവെന്നാണു റിപ്പബ്ലിക്കൻ പാർട്ടി ആരോപിച്ചത്. ചാരവൃത്തി ആരോപിച്ച് രണ്ടു വ്യവസായികളും പരിസ്ഥിതി പ്രവർത്തകനും അടക്കമുള്ളവരെയാണ് ഇറാൻ തടവിലാക്കിയത്. ഉപരോധലംഘനം ആരോപിച്ചാണ് വ്യവസായികളായ ഇറാൻ പൗരന്മാരെ യുഎസ് തടവിലിട്ടത്.
© Copyright 2024. All Rights Reserved