പരമ്പരാഗത രീതിയിൽ നിന്നും വിട്ടുമാറി പല വ്യത്യസ്ത രീതികൾ സഭയ്ക്കുള്ളിൽ കൊണ്ടുവന്ന മാർപ്പാപ്പ വീണ്ടും വ്യത്യസ്തനാവുകയാണ്. തന്റെ മരണശേഷമുള്ള സംസ്‌കാരവുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് ഇത്തവണ മാർപ്പാപ്പ വ്യത്യസ്തത പുലർത്തുന്നത്. റോമിലെ ബസലിക്ക പള്ളിയിൽ തനിക്കുള്ള കല്ലറ ഒരുക്കി കഴിഞ്ഞു എന്ന് പറഞ്ഞ മാർപ്പാപ്പ വീണ്ടു കാലങ്ങളായി വത്തിക്കാൻ പിന്തുടരുന്ന രീതികൾ മാറ്റുകയാണ്. റോമിനടുത്തുള്ള എസ്‌ക്വിലിനോയിൽ സ്ഥിതിചെയ്യുന്ന സാന്റാ മറിയ മാജിയോർ ബസലിക്കയിൽ ആയിരിക്കും താൻ അന്ത്യവിശ്രമം കൊള്ളുക എന്ന് ഈ ഡിസംബർ 17 ന് 87 വയസ്സ് തികയുന്ന പോപ്പ് ഫ്രാൻസിസ് മെക്സിക്കൻ മാധ്യമമായ എൻ പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വിദേശ സന്ദർശനം നടത്തുന്നതിനു മുൻപും, തിരിച്ചെത്തിയ ശേഷവും പോപ്പ് ഇവിടെയാണ് പ്രസംഗിക്കാൻ പോകാറുള്ളത്. കഴിഞ്ഞ നവംബറിൽ ഗുരുതരമായ ബ്രോങ്കൈറ്റിസ് ബാധ മൂലം ദുബായിൽ നടന്ന കോപ് 28 ൽ മാർപ്പാപ്പ പങ്കെടുത്തിരുന്നില്ല.
സ്ഥാനമേറ്റതിനു ശേഷം പോപ്പ് ഫ്രാൻസിസ് ചുരുങ്ങിയത് ഒരു 100 തവണയെങ്കിലും ഈ പള്ളിയിൽ എത്തി ഇവിടത്തെ മാതാവിന്റെയും ഉണ്ണിയേശുവിന്റെയും രൂപത്തിനു മുൻപിൽ പ്രാർത്ഥിച്ചിട്ടുണ്ട്. മാർപ്പാപ്പമാരുടെ ശവസംസ്‌കാര ചടങ്ങുകൾ കൂടുതൽ ലളിതമാക്കുന്നതുമായി ബന്ധപ്പെട്ട് താൻ മാസ്റ്റർ ഓഫ് സെറിമണീസുമായി സംസാരിച്ചിട്ടുണ്ടെന്നും പോപ്പ് അഭിമുഖത്തിൽ പറഞ്ഞു. അത് നടക്കുകയാണെങ്കിൽ, പോപ്പ് ഫ്രാൻസിസ് നടപ്പിൽ വരുത്തിയ മറ്റൊരു വ്യത്യസ്ത ആചാരമായി അത് മാറും.
© Copyright 2023. All Rights Reserved