ഇന്ത്യൻ 2വിൽ മിന്നിമറഞ്ഞ പല കഥാപാത്രങ്ങളും പൂർണ്ണമായും വരുന്ന മൂന്നാം ഭാഗത്തിലാണ് എന്ന സൂചന ട്രെയിലറിൽ ഉണ്ടായിരുന്നു. സേനപതിയുടെ പിതാവ് വീരശേഖരൻറെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് ട്രെയിലർ നൽകിയ സൂചന. കാജൽ അഗർവാൾ ഈ ഭാഗത്ത് പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
അതേ സമയം ഇന്ത്യൻ 2 ഇറങ്ങി ആറ് മാസത്തിനുള്ളിൽ ഇന്ത്യൻ 3 എത്തും എന്നാണ് നേരത്തെ വാർത്തകൾ വന്നിരുന്നത്. എന്നാൽ ഇന്ത്യൻ 2വിന് സംഭവിച്ച വൻ തിരിച്ചടിക്ക് ശേഷം ഇന്ത്യൻ 3 സംബന്ധിച്ച് വാർത്തകൾ വന്നിരുന്നില്ല. സംവിധായകൻ ഷങ്കർ അടുത്ത ചിത്രമായ രാം ചരൺ അഭിനയിക്കുന്ന ഗെയിം ചെയ്ഞ്ചറിൻറെ തിരക്കിലേക്കും, കമൽ അടുത്ത പടമായ തഗ്ഗ് ലൈഫിൻറെ തിരക്കിലേക്കും മാറി. പ്രൊഡക്ഷൻ കമ്പനി ലൈക്ക വേട്ടൈയൻ അടക്കം വരുന്ന വൻ പടങ്ങളുടെ തിരക്കിലാണ്.
ഇതേ സമയമാണ് പുതിയൊരു സൂചന പുറത്തുവരുന്നത്. ഇന്ത്യൻ 2 വൻ നഷ്ടമാണ് വിതരണക്കാർക്കും തീയറ്റർ ഉടമകൾക്കും ഉണ്ടാക്കിയിരിക്കുന്നത്. അതിനാൽ തന്നെ ഇന്ത്യൻ 3 തീയറ്റർ റിലീസിന് മുൻപ് വിതരണക്കാരിൽ നിന്നോ തീയറ്ററിൽ നിന്നോ അഡ്വാൻസ് ലഭിക്കാൻ സാധ്യതയില്ലെന്നാണ് പ്രൊഡക്ഷൻ ഹൗസിൻറെ കണക്കുകൂട്ടൽ. ചിത്രം സൗജന്യമായി വിതരണത്തിന് നൽകിക്കൊണ്ട് ഇന്ത്യൻ 2 നഷ്ടം നികത്താൻ ആവശ്യപ്പെട്ടേക്കുമോ എന്ന ആശങ്ക പ്രൊഡക്ഷൻ ടീമിനുണ്ട്. അതിനാൽ തന്നെ ഇന്ത്യൻ 3 ഒരു ഒടിടി പ്ലാറ്റ്‌ഫോമിൽ നേരിട്ട് റിലീസ് ചെയ്താലോ എന്ന ചർച്ച നിർമ്മാതാക്കളിൽ ഉയർന്നതായാണ് വിവരം.
ഇന്ത്യൻ 2 വിൻറെ ഒടിടി അവകാശം 125 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഇന്ത്യൻ 3 യുടെ അവകാശവും നേടിയിട്ടുണ്ട്. അതേ സമയം ഇന്ത്യൻ 2 റിലീസായതിന് പിന്നാലെ നേരത്തെ നിശ്ചയിച്ച കരാർ തുകയിൽ നിന്നും കുറച്ചാണ് ഇന്ത്യൻ 2 നെറ്റ്ഫ്ലിക്സ് എടുത്തത് എന്നും വിവരമുണ്ട്.
നേരിട്ടുള്ള ഒടിടി റിലീസ് നടക്കണമെങ്കിൽ നിർമ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന് ഇന്ത്യൻ 3ക്ക് കാര്യമായ ഒരു തുക ലഭിക്കണം. ഇതിലുള്ള ചർച്ചകൾ നടത്താൻ ഒരുങ്ങുകയാണ് നിർമ്മാതാക്കൾ എന്നാണ് വിവരം. കമൽഹാസൻ ഷങ്കർ എന്നിവർ ഈ തീരുമാനത്തിനൊപ്പമാണോ എന്ന വ്യക്തമല്ല. പക്ഷെ ഇന്ത്യൻ 2വിൻറെ പ്രകടനം വച്ച് നെറ്റ്ഫ്ലിക്സ് ഇന്ത്യൻ 3 നിർമ്മാതക്കൾ ആവശ്യപ്പെടുന്ന തുക നൽകിയില്ലെങ്കിൽ വീണ്ടും ഇന്ത്യൻ 3 തീയറ്ററിൽ എത്തും എന്നാണ് വിവരം.
© Copyright 2024. All Rights Reserved