തായ്വാൻ പ്രസിഡൻ്റ് വില്യം ലായ് ചിംഗ് തൻ്റെ പ്രഥമ ദേശീയദിന പ്രസംഗം നിർവഹിച്ചതിന് തൊട്ടുപിന്നാലെ സൈനികാഭ്യാസ പ്രകടനത്തിന് തുടക്കമിട്ട് ചൈന. സ്വയം ഭരണാധികാരമുള്ള ദ്വീപ് രാഷ്ട്രം ദേശീയദിനം ആചരിച്ച് ദിവസങ്ങൾക്കകം തീരത്തിനടുത്ത് കപ്പലുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് ചൈനയുടെ സൈന്യം ഒരു പുതിയ 'യുദ്ധക്കളി' ആരംഭിച്ചതായാണ് റിപ്പോർട്ട്.
-------------------aud--------------------------------
ജോയിന്റ് വാൾ-2024 ബി' എന്ന് പേരിട്ട അഭ്യാസ പ്രകടനങ്ങൾ തായ‌്വാൻ ദ്വീപിൻ്റെ വടക്ക്, തെക്ക്, കിഴക്ക് ഭാഗങ്ങളിൽ നടന്നുവരുന്നതായി ചൈനീസ് സൈന്യത്തിൻ്റെ ഈസ്റ്റേൺ കമാൻഡ് വക്താവ് ക്യാപ്റ്റൻ ലി സി പറഞ്ഞു. യുദ്ധ-സജ്ജത, പട്രോളിംഗ്, പ്രധാന തുറമുഖങ്ങളിലും പ്രദേശങ്ങളിലും ഉപരോധം എന്നീ വിഷയങ്ങളിൽ നാവിക-വ്യോമ പ്രകടനം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും കൂടാതെ കടലിലെയും കരയിലെയും ആക്രമണവും ഇതിൻ്റെ ലക്ഷ്യങ്ങളിൽപെടുമെന്നും ലി സി കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ 'പരമാധികാരവും ദേശീയ ഐക്യവും' സംരക്ഷിക്കുന്നതിനുള്ള നിയമാനുസൃതവും അനിവാര്യവുമായ പ്രവർത്തനമാണ് ഈ അഭ്യാസങ്ങളെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തായ്‌വാൻ പ്രതിരോധ മന്ത്രാലയം ചൈനയുടെ 'യുക്തിരഹിതവും പ്രകോപനപരവുമായ നടപടികളെ' ശക്തമായി അപലപിക്കുകയും തയ്‌വാൻ്റെ സ്വാതന്ത്ര്യവും ജനാധിപത്യവും പരമാധികാരവും സംരക്ഷിക്കുന്നതിനും അതിനനുസരിച്ച് പ്രതികരിക്കുന്നതിനും ഉചിതമായ 'ശക്തി'കളുണ്ടെന്ന് മുന്നറിയിപ്പു നൽകുകയും ചെയ്‌തു. തായ്‌വാൻ ജനതയുടെ സ്വതന്ത്രവും ജനാധിപത്യപരവുമായ ജീവിതരീതിയെ ചൈന മാനിക്കണമെന്നും സൈനിക പ്രകോപനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചു. 25 ഓളം യുദ്ധ വിമാനങ്ങളും നാവികസേനയുടേതുൾപ്പടെ 11 കപ്പലുകളും തായ്‌വാനിന് ചുറ്റും വിന്യസിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ചൈന അവകാശവാദമുന്നയിച്ചുവരുന്ന തായ്‌വാന് ചുറ്റും സമീപ വർഷങ്ങളിൽ സൈനിക പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
© Copyright 2024. All Rights Reserved