ഹമാസിന് മുന്നറിയിപ്പുമായി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെടി നിർത്തലിനും തടവുകാരുടെ കൈമാറ്റ ചർച്ചയ്ക്കും വേണ്ടി പ്രതിനിധി സംഘം ദോഹയിലേക്ക് മടങ്ങാനിരിക്കെയാണ് ഹമാസിന് മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയത്. തന്റെ സ്ഥാനാരോഹണത്തിന് മുമ്പ് മുഴുവൻ ഇസ്രായേൽ ബന്ധികളേയും വിട്ടയക്കണമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
-------------------aud--------------------------------
'സ്ഥിതിഗതികൾ സംഘർഷത്തിലേക്ക് നീങ്ങും. അത് ഹമാസിനോ മറ്റാർക്കെങ്കിലുമോ ഗുണകരമാകില്ല. അതേപ്പറ്റി കൂടുതലൊന്നും പറയാൻ ആഗ്രഹിക്കുന്നില്ല. വളരെ നേരത്തെതന്നെ അവർ തിരിച്ചെത്തേണ്ടതാണ്. ഇനിയും അധികകാലം അവർ ബന്ദികളായി തുടരില്ല. ഇസ്രയേലികളടക്കം തന്റെ സഹായം അഭ്യർഥിക്കുന്നുണ്ട്. അമേരിക്കക്കാരും അക്കൂട്ടത്തിലുണ്ട്. അവരുടെ മാതാപിതാക്കൾ തന്നെ ബന്ധപ്പെടുന്നുണ്ട്. അവരുടെ ശവശരീരമെങ്കിലും തിരിച്ചുകിട്ടുമോ എന്ന് ചോദിക്കുന്നു. എനിക്ക് പറയാനുള്ളത് ഇത് മാത്രമാണ്. ചർച്ചകൾ തടസപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. എന്നാൽ താൻ ചുമതലയേൽക്കുന്നതിനു മുമ്പ് കരാർ ഉണ്ടായില്ലെങ്കിൽ സ്ഥിതിഗതികൾ വഷളാകും - ട്രംപ് മുന്നറിയിപ്പ് നൽകി. അതേസമയം ഇസ്രയേലുമായി വൈകാതെ ഒപ്പിടുമെന്നു പ്രതീക്ഷിക്കുന്ന കരാറിന്റെ ഭാഗമായി 34 ബന്ദികളെ വിട്ടയക്കാൻ തയ്യാറാണെന്ന് ഹമാസ് അറിയിച്ചു. ഇവരുടെ പട്ടിക ഹമാസ് കൈമാറി. എന്നാൽ, ഇവർ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന വിവരം ഹമാസ് നൽകിയിട്ടില്ല. 2024 ജൂലായിൽ മധ്യസ്ഥർവഴി ഇസ്രയേൽ കൈമാറിയതാണ് 34 ബന്ദികളുടെ പട്ടികയെന്നും ഹമാസ് ഉണ്ടാക്കിയതല്ലെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. ഇക്കാര്യം ഹമാസും സ്ഥിരീകരിച്ചു.
© Copyright 2024. All Rights Reserved