നെല്ലിക്കുഴിയിൽ തുറന്ന ജീപ്പിൽ കോളജ് വിദ്യാർഥികളുടെ കറക്കം അപകടത്തിലും കേസിലും കലാശിച്ചു. ഇന്ദിരാഗാന്ധി കോളജ് ദിനാഘോഷത്തോടനുബന്ധിച്ച് 8 വിദ്യാർഥികളാണു വ്യാഴം പകൽ മുഴുവൻ കോളജിനു സമീപത്തെയും കനാൽബണ്ട് റോഡുകളിലും തുറന്ന ജീപ്പിൽ നിയന്ത്രണങ്ങളില്ലാതെ കറങ്ങി പൊല്ലാപ്പിലായത്. സന്ധ്യയോടെ ജീപ്പ് നിയന്ത്രണംവിട്ടു സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി.
ഇതോടെ നാട്ടുകാർ ഇടപെട്ടു. വിദ്യാർഥികൾ നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ട സമയത്തു ചിലർ ജീപ്പ് തള്ളി കനാലിലിട്ടു. പരുക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടി.
പൊലീസെത്തി വാഹനം കരയ്ക്കെടുക്കാൻ ശ്രമിച്ചെങ്കിലും അപകടമുണ്ടാക്കിയവരെ പിടികൂടിയ ശേഷം മതിയെന്ന നിലപാടിൽ നാട്ടുകാർ പ്രതിഷേധിച്ചതോടെ പിൻമാറി. 2 വിദ്യാർഥികളെ കസ്റ്റഡിയിൽ എടുത്തതോടെ രാത്രി വൈകി ക്രെയിൻ ഉപയോഗിച്ചു വാഹനം പുറത്തെടുത്തു. അറസ്റ്റിലായവരെ മനഃപൂർവമല്ലാത്ത നരഹത്യാശ്രമത്തിനു കേസെടുത്തു കോടതിയിൽ ഹാജരാക്കി. മറ്റ് 6 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
© Copyright 2023. All Rights Reserved