നിവിൻ പോളി നായകനായി 2018ൽ പുറത്തിറങ്ങിയ 'ഹെയ് ജൂഡ്' എന്ന ചിത്രം വൻ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് നിർമാതാവ് അനിൽ അമ്പലക്കര. ചിത്രത്തിൽ നായകനായി ആദ്യം തീരുമാനിച്ചത് കാളിദാസ് ജയറാമിനെ ആയിരുന്നു. സാറ്റലൈറ്റ് മൂല്യവും പരിഗണിച്ചാണ് നിവിനെ നായകനാക്കാമെന്ന് തിരുമാനിച്ചതെന്നും അനിൽ അമ്പലക്കര ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
താരത്തിന് അഡ്വാൻസ് ആയി 25 ലക്ഷത്തിന്റെ ചെക്കും നൽകി. പ്രതിഫലത്തിന്റെ കാര്യം സംവിധായകൻ ശ്യാമപ്രസാദിനോട് ചോദിച്ചിട്ട് ശരിയാക്കാമെന്നും പക്കാ കൊമേഴ്ഷ്യൽ സിനിമ അല്ലല്ലോ എന്നും താരം പറഞ്ഞു. എന്നാൽ ഷൂട്ടിങ് തുടങ്ങാനിരിക്കെ നിവിന്റെ എഗ്രിമെന്റ് വാങ്ങിക്കാൻ പ്രൊഡക്ഷൻ കൺട്രോളർ പോയപ്പോൾ ഒന്നരകോടിയാണ് അദ്ദേഹം എഴുതിയിരുന്നതെന്നും നിർമാതാവ് പറഞ്ഞു. നാലര കോടി രൂപയാണ് തനിക്ക് ഈ സിനിമയിലൂടെ നഷ്ടമായത്. പിന്നീട് സിനിമ ചെയ്യാൻ പോലും മടുപ്പ് തോന്നിയെന്നും അനിൽ അമ്പലക്കര പറഞ്ഞു.
ഷൂട്ടിങ്ങിനിടെയും ഇതുപോലെ പല പ്രശ്നങ്ങൾ ഉണ്ടായി. ഷൂട്ടി തുടങ്ങി ആറാം ദിവസം പുള്ളി മുങ്ങി. കോഴിക്കോട് ഉദ്ഘാടനത്തിന് പോകണമെന്ന് പറഞ്ഞു. തൃഷ ഷൂട്ടിന് വന്നിട്ടും നിവിൻ ഇല്ലാതിരുന്നതുകൊണ്ട് ഷൂട്ടിങ് നടന്നില്ല. അമേരിക്കയിൽ മൂന്നാലു ദിവസത്തെ പരിപാടിയുണ്ടെന്ന് പറഞ്ഞു. ഇതൊക്കെ നേരത്തെ അറിയിക്കാമായിരുന്നു. ഇതെല്ലാം സിനിമയുടെ ചെലവ് കൂട്ടി. സിനിമ തീർന്നപ്പോൾ പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നു ചെലവെന്നും നിർമാതാവ് തുറന്നടിച്ചു.
തമിഴിൽ നിവിൻ നായകനായ റിച്ചി എന്ന ചിത്രം പരാജയമായിരുന്നു. ഇതും ഹെയ് ജൂഡിനെ ബാധിച്ചിരുന്നു. ഫാൻസ് അസോസിയേഷനും സിനിമയോട് സഹകരിച്ചില്ല. ഹെയ് ജൂഡ് നല്ല സിനിമയായിരുന്നെങ്കിലും തിയറ്ററിൽ ഓടിയില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.
മാഗ്‌നവിഷൻ എന്റർടൈൻമെന്റ് ഡെസ്ക് ..
© Copyright 2023. All Rights Reserved