തെരഞ്ഞെടുപ്പ് അടുത്തുവരവേ ടോറി പാർട്ടിയ്ക്കും പ്രധാനമന്ത്രി റിഷി സുനാകിനും നെഞ്ചിടിപ്പേകി ലേബർ പാർട്ടിയുടെ കുതിപ്പ്. സുനാക് പ്രധാനമന്ത്രി പദത്തിൽ എത്തിയ ശേഷം ഏറ്റവും കുറഞ്ഞ വോട്ട് വിഹിതത്തിലേക്ക് ടോറികൾ വീണതായി റെഡ്ഫീൽഡ് & വിൽറ്റൺ സ്ട്രാറ്റജീസ് സർവ്വെ പറയുന്നു. വോട്ടർമാർക്കിടയിൽ കൺസർവേറ്റീവുകൾക്ക് 21 ശതമാനം പിന്തുണ മാത്രമാണുള്ളതെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ചയിൽ നിന്നും മൂന്ന് പോയിന്റാണ് കുറവാണിത്.അതേസമയം, ലേബർ പാർട്ടിയുടെ ലീഡ് 25 പോയിന്റ് ആയി. 46 ശതമാനം ബ്രിട്ടീഷുകാരും ഇപ്പോൾ കീർ സ്റ്റാർമറുടെ പാർട്ടിയെ പിന്തുണയ്ക്കുന്നു. ഒരു പോയിന്റ് വർദ്ധനവാണ് ഇത്. റിഫോം യുകെയ്ക്ക് 12 ശതമാനം വോട്ട് വിഹിതമുണ്ട്. തുടർച്ചയായ പത്താം തവണയാണ് മുൻ യുകെഐപി നേതാവ് നിഗൽ ഫരാഗിന്റെ പാർട്ടിക്ക് 10 ശതമാനത്തിൽ കൂടുതൽ വോട്ട് പ്രവചിക്കപ്പെടുന്നത്.ഇതിന് മുൻപ് 21 ശതമാനം വോട്ട് വിഹിതത്തിലേക്ക് ടോറികൾ വീണത് 2022 ഒക്ടോബർ 23-നാണ്. ലിസ് ട്രസിന്റെ വിവാദ ഇടക്കാല ഭരണത്തിന് ശേഷം ആയിരുന്നു അത്. എന്നാൽ സാമ്പത്തികമായി രാജ്യത്തെ പിടിച്ചുനിർത്തുകയും, മുന്നോട്ട് നയിക്കുകയും ചെയ്ത ശേഷവും വോട്ട് വിഹിതം കൂടുന്നില്ലെന്നത് സുനാകിന് കനത്ത തിരിച്ചടിയാണ്.ടോറികൾ താഴേക്ക് പോകുന്നുവെന്ന് വ്യക്തമാകുന്നതോടെ എതിരാളികൾ തലപൊക്കാൻ തുടങ്ങും. ഇതോടെ വരുന്ന ആഴ്ചകളിൽ സുനാകിന്റെ പ്രധാനമന്ത്രി പദത്തിന് കനത്ത വെല്ലുവിളികൾ അഭിമുഖീകരിക്കേണ്ടി വരും. കൂടാതെ പുറത്തുവരാൻ ഇരിക്കുന്ന പുതിയ സാമ്പത്തിക കണക്കുകളിൽ പണപ്പെരുപ്പം ഉയരുന്നുവെന്ന സൂചനയാണ് ഇപ്പോഴുള്ളത്. ഇത് സുനാകിന് മറ്റൊരു തിരിച്ചടിയാകും.ബോറിസ് ജോൺസനെ തെരഞ്ഞെടുപ്പ് പോരാട്ടത്തിനായി ഇറക്കാൻ തയ്യാറാകണമെന്ന് സുനാകിനോട് ആവശ്യപ്പെട്ട് സീനിയർ ടോറികൾ രംഗത്തുവന്നുകഴിഞ്ഞു. രാഷ്ട്രീയ തിരിച്ചുവരവിന് ബോറിസ് റെഡിയാണെന്നാണ് സൂചനകൾ. എന്നാൽ സുനാക് ആദ്യ നീക്കം നടത്തുമെന്ന പ്രതീക്ഷയിലാണ് മുൻ പ്രധാനമന്ത്രിയെന്ന് ഇദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നു. തെരഞ്ഞെടുപ്പിലെ ടോറികളുടെ പ്രധാന ആയുധം എടുത്ത് പ്രയോഗിക്കുന്നതിന് അഭിമാനപ്രശ്‌നം കാരണമായി മാറരുതെന്ന് മുൻ ബിസിനസ്സ് സെക്രട്ടറി ക്വാസി ക്വാർട്ടെംഗ് സുനാകിനോട് ആവശ്യപ്പെട്ടു.ഹൗസിംഗ് സെക്രട്ടറി മൈക്കിൾ ഗോവാണ് ബോറിസിന്റെ മടങ്ങിവരവിനെ സ്വാഗതം ചെയ്യുന്ന മറ്റൊരു നേതാവ്.
© Copyright 2024. All Rights Reserved