തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട ഇലക്‌ട്രോണിക് വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭിക്കുന്നത് തടയുന്ന കേന്ദ്ര സർക്കാരിന്റെ ചട്ടഭേദഗതി തെരഞ്ഞെടുപ്പിന്റെ സുതാര്യത ഇല്ലാതാക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പൊതുപരിശോധനയ്‌ക്ക് വിധേയമാണെന്ന 1961ലെ തെരഞ്ഞെടുപ്പ് ചട്ടമാണ് കേന്ദ്ര സർക്കാർ ധൃതിപിടിച്ച് ഭേദഗതി ചെയ്‌തത്. ഇതുപ്രകാരം പോളിങ് ബൂത്തിനുള്ളിൽ സ്ഥാപിക്കുന്ന സിസിടിവി ദൃശ്യങ്ങളോ മറ്റ് ഇലക്‌ട്രോണിക് രേഖകളോ ഇനി പൊതുജനങ്ങൾക്ക് പരിശോധിക്കാനാകില്ല.
-------------------aud--------------------------------
ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന്റെ എല്ലാ രേഖകളും സിസിടിവി ദൃശ്യങ്ങളും വിവരാവകാശ പ്രവർത്തകൻ മെഹ്‌മുദ് പ്രാചയ്‌ക്ക് നൽകാൻ പഞ്ചാബ്–- ഹരിയാന ഹൈക്കോടതി ഉത്തരവിട്ട് ദിവസങ്ങൾക്കുള്ളിലാണ് ചട്ടദേദഗതി. ഭേദഗതി പ്രകാരം ‘ചട്ടത്തിൽ പറയുന്ന പേപ്പറുകൾ മാത്രം’ എന്നാക്കിയതോടെ പരാമർശിക്കപ്പെടാത്ത ഇലക്‌ട്രോണിക് രേഖകൾ ഒഴിവാക്കപ്പെട്ടു. രാഷ്‌ട്രീയ പാർടികളുമായി ആശയവിനിമയം നടത്താതെയാണ് ചട്ടം ഭേദഗതി ചെയ്‌തത്. പ്രതിപക്ഷ പാർടികളും ദേഭഗതിക്കെതിരെ രംഗത്തുവന്നിട്ടുണ്ട് ബൂത്തുകളിൽ അട്ടിമറി നടന്നാൽ അത് തിരിച്ചറിയാനുള്ള പ്രധാന സംവിധാനമാണ് വെബ്‌കാസ്‌റ്റിങ്. വെബ്‌കാസ്‌റ്റിങ് ദൃശ്യങ്ങളും മാതൃകാ പെരുമാറ്റചട്ടമുള്ള സമയത്ത് കമീഷൻ പകർത്തുന്ന സ്ഥാനാർഥിയുടെ ദൃശ്യങ്ങളും ഇനി ആവശ്യപ്പെടാനാവില്ല.
പോളിങ് ദിവസം വിവിധ സമയങ്ങളിൽ പ്രിസൈഡിങ് ഓഫീസമാർ രേഖപ്പെടുത്തുന്ന പോളിങ് ശതമാനം, ക്യൂവിൽ നിൽക്കുന്നവർക്ക് നൽകുന്ന ടോക്കണുകളുടെ എണ്ണം തുടങ്ങിയവയും വിലക്കപ്പെട്ടേയ്‌ക്കാം. സുതാര്യതക്കേറ്റ തിരിച്ചെടിയാണ് ചട്ടഭേദഗതിയെന്ന് വിവരവകാശപ്രവർത്തകർ പ്രതികരിച്ചു. ഭരണഘടനയ്‌ക്ക് നേരെയുള്ള മോദിയുടെയും ബിജെപിയുടെയും ഏറ്റവും പുതിയ ആക്രമണമാണ് ചട്ടഭേദഗതിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
© Copyright 2024. All Rights Reserved