രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് അശുഭകരമായ വാർത്തകൾ പരത്തുകയാണെന്ന് ബ്രിട്ടീഷ് സർക്കാരിനെതിരെ ആരോപണമുയരുമ്പോൾ, തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ഉറപ്പാക്കുന്ന ബിൽ അടുത്ത മാസം കൂടുന്ന പാർലമെന്റ് സമ്മേളനത്തിൽ കൊണ്ടുവരുമെന്ന് ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി എയ്ഞ്ചല റെയ്നാർ പറഞ്ഞു. പർട്ടി സമ്മേളനത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്.
-------------------aud--------------------------------
22 ബില്യൻ പൗണ്ടിന്റെ ധനക്കമ്മി നികത്താൻ അടുത്ത ബജറ്റിൽ ചില കടുത്ത നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനമാണ്, രാജ്യത്തിന്റെ സമ്പദ്സ്ഥിതിയെ കുറിച്ച് തെറ്റായ സന്ദേശം നൽകുന്നതാണെന്ന് എതിരാളികൾ ആരോപിക്കുന്നത്.
എന്നാൽ, പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കാനാവില്ല എന്നാണ് ഉപപ്രധാനമന്ത്രി പറയുന്നത്. ലേബർ പാർട്ടി അധികാരത്തിലെത്തിയതോടെ പ്രതീക്ഷകൾക്ക് ചിറക് മുളച്ചെങ്കിലും, വെല്ലുവിളികളും ഏറുകയാണെന്നും അവർ പറഞ്ഞു. എന്നാൽ പ്രശ്നങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാൻ തങ്ങൾക്ക് ആവില്ല, അത് അഭിമുഖീകരിക്കുക തന്നെ ചെയ്യും എന്ന് പറഞ്ഞ അവർ, അതാണ് സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള വ്യത്യാസമെന്നും സൂചിപ്പിച്ചു. ലേബർ പാർട്ടിയുടെ വാർഷിക സമ്മേളനത്തിലെ ആദ്യത്തെ പൂർണ്ണദിന യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. എന്നാൽ, ശരിയായ നടപടികൾ എടുത്താൽ എല്ലാം നേരെയാകും. സുസ്ഥിരമായ ഒരു സാമ്പത്തിക വളർച്ചകൊണ്ട് മാത്രമെ ബ്രിട്ടനിലെ തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്താൻ കഴിയുകയുള്ളു എന്നും അവർ പറഞ്ഞു. ബ്രിട്ടന്റെ നില പഴയതിലേക്ക് തിരികെ കൊണ്ടുവരാനുള്ള പ്രവർത്തനങ്ങളുടെ അടിത്തറയിട്ടു കഴിഞ്ഞു എന്നും അവർ അറിയിച്ചു. വാടകക്കാർക്ക് കൂടുതൽ സുരക്ഷിതം ഉറപ്പാക്കാനുള്ള നടപടികളും അവർ വിവരിച്ചു. കാരണം കൂടാതെ ഒഴിപ്പിക്കുന്നത് അവസാനിപ്പിക്കുന്നത് ഉൾപ്പടെയുള്ള നടപടികളാണ് ഇതിൽ ഉള്ളത്. പുതിയ സമൂഹ ഭവന നിർമ്മാണ പദ്ധതികളെ കുറിച്ചും ഉപപ്രധാനമന്ത്രി സൂചിപ്പിച്ചു. എന്നാൽ, തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ഉറപ്പാക്കാനുള്ള ബില്ലുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തിനാണ് ഏറെ കൈയടി ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട ബിൽ പാർലമെന്റിന്റെ ഒക്ടോബർ സമ്മേളനത്തിൽ ചർച്ചക്ക് വയ്ക്കും. ഈ ബില്ലിനെതിരെ വ്യാപാരവ്യവസായ സമൂഹത്തിൽ നിന്നും ചില ആശങ്കകൾ ഉയർന്നിട്ടുണ്ട്.
© Copyright 2025. All Rights Reserved