അവസാന ഓവറുകളിൽ ആഞ്ഞടിക്കാൻ കെൽപുള്ള ഒരു പിഞ്ച് ഹിറ്റർ, അയാളുടെ ദിവസമാണെങ്കിൽ ഒരു മാച്ച് വിന്നർ ഡേവിഡ് മില്ലർ എന്ന മധ്യനിര ബാറ്ററുടെ മേൽവിലാസം ഇതാണ്. പക്ഷേ, തുടക്കം മുതൽ തല്ലിത്തകർക്കുന്ന കില്ലർ മില്ലറെയല്ല ഇന്നലെ ഈഡൻ ഗാർഡൻസ് കണ്ടത്. ടീമിനെ കൂട്ടത്തകർച്ചയിൽനിന്നു കരകയറ്റുന്ന, ആങ്കർ റോൾ കളിച്ചുപരിചയമുള്ള ഒരു മധ്യനിര ബാറ്ററുടെ മെയ്വഴക്കത്തോടെയും ആത്മനിയന്ത്രണത്തോടെയുമാണ് മില്ലർ ഓസ്ട്രേലിയൻ ബോളിങ് നിരയെ നേരിട്ടത്.
11.5 ഓവറിൽ 4ന് 24 എന്ന നിലയിൽ ടീം തകർന്നടിഞ്ഞപ്പോഴാണ് മില്ലർ ക്രീസിലെത്തിയത്. അവസാന 10 ഓവറിൽ അടിച്ചുതകർത്തു മാത്രം ശീലമുള്ള മില്ലർക്ക് അതൊരു പുതിയ വെല്ലുവിളിയായിരുന്നു. തന്റെ ഹിറ്റിങ് ആർക്കിലേക്ക് പലതവണ ലെങ്ത് ബോളുകൾ വന്നിട്ടും മില്ലർ പ്രതിരോധത്തിൽത്തന്നെ തുടർന്നു. ഒടുവിൽ ക്രീസിൽ നിലയുറപ്പിച്ചെന്നു സ്വയം ബോധ്യപ്പെട്ടതിനു ശേഷമാണ് മില്ലറുടെ ഗീയർ ചേഞ്ച്.
ഒടുവിൽ പാറ്റ് കമിൻസ് എറിഞ്ഞ 48-ാം ഓവറിലെ ആദ്യ പന്ത് മിഡ് വിക്കറ്റിനു മുകളിലൂടെ ഗാലറിയിലെത്തിച്ച് മില്ലർ സെഞ്ചറി തികച്ചപ്പോൾ ഈഡൻ ഒന്നടങ്കം ഹർഷാരവം മുഴക്കി. മില്ലറുടെ കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ സെഞ്ചറി നേട്ടമാണിത്. 115 പന്തിൽ 87.8 സ്ട്രൈക്ക് റേറ്റിലാണ് മില്ലർ സെഞ്ചറി തികച്ചത്. കരിയറിൽ ഇതിനു മുൻപ് 5 തവണ സെഞ്ചറി കടന്നപ്പോൾ അതിൽ നാലുതവണയും മില്ലറുടെ സ്ട്രൈക്ക് റേറ്റ് 100നു മുകളിലായിരുന്നു.
© Copyright 2025. All Rights Reserved