രാജ്യാന്തര ടി20 ക്രിക്കറ്റിൽ തുടർച്ചയായി രണ്ട് സെഞ്ചുറി നേടുന്ന നാലാമത്തെ മാത്രം താരവുമാണ് സഞ്ജു. ഗുസ്താവോ മക്കെയോൺ, റിലീ റൂസോ, ഫിൽ സാൾട്ട് എന്നിവർ മാത്രമാണ് സഞ്ജുവിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവർ. ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ 50+ സ്കോറുകൾ നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന നേട്ടത്തിനൊപ്പവും സഞ്ജു എത്തി. എം എസ് ധോണിയെയും റിഷഭ് പന്തിനെയും പിന്നിലാക്കി സഞ്ജു മൂന്ന് 50+ സ്കോറുകൾ നേടിയിട്ടുള്ള കെ എൽ രാഹുലിൻറെും ഇഷാൻ കിഷൻറെയും നേട്ടത്തിനൊപ്പമാണ് എത്തിയത്. ഹൈദരാബാദിൽ ബംഗ്ലാദേശിനെതിരെ ആദ്യ ടി20 സെഞ്ചുറി നേടി 27 ദിവസങ്ങൾക്ക് ശേഷമാണ് സഞ്ജു തൻറെ രണ്ടാം സെഞ്ചുറിയിലെത്തിയത്. ദക്ഷിണാഫ്രിക്കയിൽ അവസാനം കളിച്ച ഏകദിനത്തലും ഇന്ത്യക്കായി സെഞ്ചുറി നേടിയിരുന്ന സഞ്ജു ദക്ഷിണാഫ്രിക്കൻ മണ്ണിലെ തൻറെ തുടർച്ചയായ രണ്ടാം രാജ്യാന്തര സെഞ്ചുറിയാണ് ഇന്ന് നേടിയത്. 11 പേർ മാത്രമാണ് ടി20 ക്രിക്കറ്റിൽ ഇതുവരെ ഇന്ത്യക്കായി സെഞ്ചുറി നേടിയിട്ടുള്ളത്. അതിൽ തന്നെ ഒന്നിൽ കൂടുതൽ സെഞ്ചുറി നേടിയവർ മൂന്ന് പേർ മാത്രമായിരുന്നു. രോഹിത് ശർമയും(5) സൂര്യകുമാർ യാദവും(4) കെ എൽ രാഹുലും(2). ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം ഇന്ത്യൻ താരമെന്ന നേട്ടവും സഞ്ജു ഇന്ന് അടിച്ചെടുത്തു. ടി20 ക്രിക്കറ്റിൽ ഒരു ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ സിക്സ് എന്ന രോഹിത് ശർമയുടെ നേട്ടത്തിനൊപ്പവും സഞ്ജു എത്തി. 10 സിക്സുകൾ പറത്തിയാണ് സഞ്ജു ശ്രീലങ്കക്കെതിരെ 10 സിക്സ് അടിച്ച് 118 റൺസടിച്ച രോഹിത്തിൻറെ റെക്കോർഡിനൊപ്പമെത്തിയത്. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ ടി20 സെഞ്ചുറിയാണ് സഞ്ജു ഇന്ന് അടിച്ചെടുത്തത്. 55 പന്തിൽ സെഞ്ചുറി അടിച്ച സൂര്യകുമാർ യാദവിൻറെ റെക്കോർഡാണ് സഞ്ജു 47 പന്തിൽ സെഞ്ചുറിയിലെത്തി മെച്ചപ്പെടുത്തിയത്. 2015ൽ ഇന്ത്യക്കായി സിംബാബ്‌വെക്കെതിരെ ടി20 ക്രിക്കറ്റിൽ അരങ്ങേറിയ സഞ്ജു കരിയറിലെ പത്താം വർഷത്തിലേക്ക് കടക്കുമ്പോഴാണ് ടീമിലെ അനിവാര്യനായി മാറുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ പലപ്പോഴും ടീമിൽ വന്നും പോയുമിരുന്ന സഞ്ജു ഗംഭീർ-സൂര്യകുമാർ യുഗത്തിലാണ് ടീമിൽ ഓപ്പണർ സ്ഥാനം ഉറപ്പിക്കുന്നത്.
© Copyright 2024. All Rights Reserved