നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വമ്പൻ റാലി. രോഹിണിയിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് മോദി പങ്കെടുത്തത്. ദില്ലിയുടെ ദുരന്തമാണ് എഎപി എന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. ഇത്തവണ ദില്ലിയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപിക്ക് ജനങ്ങൾ അവസരം നൽകണമെന്നും മോദി അഭ്യർത്ഥിച്ചു.
-----------------------------
ദില്ലിയിൽ ജനക്ഷേമ പദ്ധതികൾ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അടുത്ത 25 വർഷം രാജ്യത്ത് ഏറെ പ്രധാനപ്പെട്ടത്. വികസിതഭാരതം എന്ന സ്വപ്നത്തിലേക്ക് ദില്ലിയുടെ പിന്തുണ വേണം. ദില്ലിയിൽ എല്ലാ വികസനവും നടപ്പാക്കുന്നത് കേന്ദ്രമാണ്. ചേരി പ്രദേശത്തുള്ള ആളുകൾക്ക് വീടുകൾ നൽകുന്നത് കേന്ദ്രമാണ്. ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് ബിജെപി പ്രവർത്തകരോട് മോദി ആഹ്വാനം ചെയ്തു. കേന്ദ്രത്തിലേത് പോലെ സംസ്ഥാനത്തും ബിജെപി അധികാരത്തിൽ എത്തണം. ബിജെപിക്ക് മാത്രമേ ദില്ലിയിൽ വികസനം കൊണ്ടുവരാനാകൂ. ഇത്തവണ സർക്കാർ രൂപീകരിക്കാൻ ബിജെപിക്ക് ജനങ്ങൾ അവസരം നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ദില്ലിയുടെ ദുരന്തമാണ് എഎപി എന്ന പ്രയോഗം മോദി ആവർത്തിച്ചു. ദില്ലിയിലെ പൊതുഗതാഗതത്തെ എഎപി തകർത്തു. ബസ്സുകൾ നേരാവണ്ണം പരിപാലിക്കാൻ പോലും സംസ്ഥാന സർക്കാരിന് കഴിഞ്ഞില്ല. ബിജെപി അധികാരത്തിൽ എത്തിയാൽ ജനങ്ങൾക്കായുള്ള ഒരു ക്ഷേമ പദ്ധതിയും അവസാനിപ്പിക്കില്ലെന്നും മോദി കൂട്ടിച്ചേർത്തു. അതേസമയം, രോഹിണിയിലെ പ്രധാനമന്ത്രിയുടെ പ്രസംഗം തുടക്കത്തിൽ തടസ്സപ്പെട്ടതിൽ പരിഹാസവുമായി എഎപി രംഗത്തെത്തി. ദില്ലിയിലെ ബിജെപിയെ പോലെ മോദിയുടെ ടെലി പ്രോംറ്ററും പരാജയമാണെന്നായിരുന്നു എഎപിയുടെ പരിഹാസം.
© Copyright 2024. All Rights Reserved