ദേശീയ പതാക, ഇന്ത്യൻ ഭരണഘടന, രാജ്യത്തിന്റെ സമഗ്രത എന്നിവയൊന്നും അംഗീകരിക്കാത്ത ബി.ജെ.പിക്കാർക്ക് അവരുടെ ഇഷ്ടയിടമായ പാകിസ്താനിലേക്ക് പോകാമെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഗാർഗെ. ബി.ജെ.പിയുടെ ഗൂഢാലോചനകൾക്കും തന്ത്രങ്ങൾക്കും മുന്നിൽ തങ്ങളൊരിക്കലും മുട്ടുമടക്കില്ലെന്നു പറഞ്ഞ പ്രിയങ്ക്, അതിനെ ഫലപ്രദമായി നേരിടുമെന്നും കൂട്ടിച്ചേർത്തു.
കർണാടകയിൽ മാണ്ഡ്യ ജില്ലയിലെ കെറഗോഡ് വില്ലേജ് പരിധിയിലുള്ള സർക്കാർ ഭൂമിയിൽ 108 അടി ഉയരമുള്ള കൊടിമരത്തിൽ ഹനുമാന്റെ ചിത്രമുള്ള കാവി പതാക ഉയർത്തിയ സംഭവത്തിൽ പ്രതികരിക്കവേയാണ് ബി.ജെ.പിക്കെതിരെ മന്ത്രി ആഞ്ഞടിച്ചത്. ‘ത്രിവർണ പതാകയെ വെറുക്കുന്ന ആർ.എസ്.എസിനെ പോലെ, ആർ.എസ്.എസ് പരിശീലിപ്പിക്കുന്ന ബി.ജെ.പിയും ദേശീയ പതാകയെ വെറുക്കുന്നവരാണ്. അതിനെ ബഹുമാനിക്കുന്നതിനു പകരം ബി.ജെ.പി അവമതിക്കുകയാണ്’ -പ്രിയങ്ക് ഗാർഗെ പറഞ്ഞു.‘മിസ്റ്റർ വിജയേന്ദ്രാ, ആ കൊടിമരത്തിൽ ദേശീയ പതാക ഉയർത്തുകയെന്ന ഉദ്ദേശ്യം ഞങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. എന്നിട്ടും നിങ്ങൾ എന്തിനാണ് അരിശം കൊള്ളുന്നത്? ദേശീയ പതാകയോടുള്ള നിങ്ങളുടെ വെറുപ്പ് സാക്ഷ്യപ്പെടുത്തുന്നത് ബി.ജെ.പി രാജ്യവിരുദ്ധരാണെന്നതാണ്. കർണാടകയിലെ തീരദേശ മേഖലയെ ഹിന്ദുത്വയുടെ പരീക്ഷണശാലയാക്കിയ ബി.ജെ.പിയും സംഘ് പരിവാറും മാണ്ഡ്യ ജില്ലയിലും ഹിന്ദുത്വയുടെ പരീക്ഷണത്തിന് തുടക്കമിട്ടതായി മന്ത്രി ചൂണ്ടിക്കാട്ടി.സമൂഹം സമാധാനപരമായി മുന്നേറുമ്പോൾ ബി.ജെ.പിക്ക് ഒരു സമാധാനവുമുണ്ടാകില്ല. രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള തറവേലകളാണ് ബി.ജെ.പി നേതാക്കൾ മാണ്ഡ്യയിൽ നടത്തുന്നത്. പ്രതിപക്ഷ നേതാവെന്ന സ്ഥാനത്തിന് ഒരു മാന്യതയുണ്ട്. എന്നാൽ, അതിനെ മാനിക്കാത്ത രീതിയിലുള്ള പ്രവർത്തികളാണ് ആ സ്ഥാനത്തിരിക്കുന്ന അശോക നടത്തുന്നത്.അശോകയും വിജയേന്ദ്രയും അറിയേണ്ട ചില കാര്യങ്ങളുണ്ട്. ആ ഭൂമിയിൽ കൊടിമരം സ്ഥാപിക്കുന്നതിന് 2023 ഡിസംബർ 29ന് അപേക്ഷ സമർപ്പിച്ച വേളയിൽ ഗൗരിശങ്കർ സേവ ട്രസ്റ്റ് നൽകിയ രേഖാമൂലമുള്ള ഉറപ്പ് ദേശീയ പതാകയും സംസ്ഥാന പതാകയും മാത്രമേ ഉയർത്തൂ എന്നാണ്. ജനുവരി 17ന് ഇക്കാര്യം വീണ്ടും അംഗീകരിച്ച് അവർ കത്തു നൽകിയിട്ടുണ്ട്. മതപരമോ രാഷ്ട്രീയപരമോ ആയ കൊടികൾ ഉയർത്തില്ലെന്ന് അവർ വളരെ കൃത്യമായി വിശദീകരിച്ചിട്ടുമുണ്ട്’ -പ്രിയങ്ക് പറഞ്ഞു.ജനുവരി 18ന് കെറഗോഡ് ഗ്രാമ പഞ്ചായത്ത് ഉപാധികളോടെ അനുമതി നൽകിയതും ദേശീയപതാകയും സംസ്ഥാന പതാകയും മാത്രം ഉയർത്താനാണ്. എന്നാൽ, ജനുവരി 19ന് ആ കൊടിമരത്തിൽ ചിലർ കാവിക്കൊടി ഉയർത്തി. ജനുവരി 26 വരെ അധികൃതർ അത് അവഗണിച്ചു. എന്നാൽ, റിപ്പബ്ലിക് ദിനത്തിൽ കാവിക്കൊടി മാറ്റി അധികൃതർ ദേശീയ പതാക ഉയർത്തി.‘ദേശീയ പതാകക്കു പകരം കാവിക്കൊടി ഉയർത്താൻ ആരാണ് ഗൂഢാലോചന നടത്തിയത്? അധികൃതർ നൽകിയ നിർദേശങ്ങൾ ലംഘിക്കാൻ ജനത്തെ പ്രേരിപ്പിച്ചതാരാണ്? എത്രകാലമായി ബി.ജെ.പി സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ഗൂഢാലോചന നടത്തുന്നു എന്നും -ഖാർഗെ ചോദിച്ചു. റിപ്പബ്ലിക് ദിനത്തിനു പിറ്റേന്ന് വീണ്ടും സംഘ് അനുകൂലികൾ ഹനുമാന്റെ ചിത്രമുള്ള കാവിക്കൊടി ഉയർത്തുകയായിരുന്നു. ഞായറാഴ്ച പൊലീസ് സംരക്ഷണയിൽ കൊടി അധികൃതർ അഴിച്ചുമാറ്റി. സംഘ് പരിവാർ അനുകൂലികൾ ഇതോടെ അധികൃതരുമായി ഏറ്റുമുട്ടി. പിന്നാലെ, മേഖലയിൽ കർഫ്യൂ പ്രഖ്യാപിച്ചു. പൊലീസ് സുരക്ഷ വർധിപ്പിച്ചു. ഹിന്ദു പതാക സർക്കാർ അഴിപ്പിച്ചുവെന്ന പ്രചാരണവുമായി ബി.ജെ.പി സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ഇതേതുടർന്നാണ് പ്രിയങ്ക് ഗാർഗെ രൂക്ഷമായ പ്രതികരണവുമായി രംഗത്തുവന്നത്.
© Copyright 2024. All Rights Reserved