രാജ്യത്തെ ട്രാൻസ്ജെൻഡറുകളോടും കുടിയേറ്റക്കാരോടും കരുണ കാണിക്കണമെന്ന് ട്രംപിനോട് ആവശ്യപ്പെട്ട് ബിഷപ്. പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ഔദ്യോഗിക പരിസമാപ്തി കുറിക്കുന്ന പ്രാർഥനാ ചടങ്ങിലാണ് ബിഷപ്പ് മരിയൻ എഡ്ഗർ ബുഡ്ഡെ ട്രംപിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നു.
--------------------------------
പ്രാർഥനാ ചടങ്ങ് അവസാനിക്കിരിക്കെയാണ് തനിക്കൊരു അഭ്യർഥനയുണ്ടെന്ന് ബിഷപ്പ് പറഞ്ഞത്. 'ദൈവത്തിൻറെ നാമത്തിൽ, രാജ്യത്ത് ഇപ്പോൾ ഭയപ്പെടുന്ന ആളുകളോട് കരുണ കാണിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. നമ്മുടെ കുടുംബങ്ങളിൽ അതിൽ സ്വർഗാനുരാഗികളും കുട്ടികളും കുടിയേറ്റക്കാരുമെല്ലാമുണ്ട്'- ബിഷപ് പറഞ്ഞു. ഭാര്യ മെലിനയും വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ഉഷ വാൻസും പ്രാർഥനയിൽ പങ്കെടുത്തുകൊണ്ട് ട്രംപിനൊപ്പം മുൻനിരയിലുണ്ടായിരുന്നു. ബിഷപ്പിന്റെ അഭ്യർഥനയ്ക്ക് പിന്നാലെ ട്രംപ് തിരിഞ്ഞ് വാൻസിനോട് എന്തോ സംസാരിച്ചു. അതിനു മറുപടിയായി വാൻസ് തലകുലുക്കുകയും ചെയ്തു. എന്നാൽ പിന്നീട് പ്രാർഥനാ ചടങ്ങുകളെക്കുറിച്ചു ചോദിച്ച മാധ്യമപ്രവർത്തകരോടു പ്രാർഥനാ ചടങ്ങ് അത്ര നന്നായതായി തോന്നിയില്ലെന്നും മെച്ചപ്പെടുത്താമെന്നുമായിരുന്നു ട്രംപിന്റെ മറുപടി.
നേരത്തെയും ബിഷപ് ബുഡ്ഡെ ട്രംപിന്റെ നിലപാടുകൾക്കെതിരെ രംഗത്തെത്തിയിരുന്നു. ജോർജ് ഫ്‌ലോയിഡിന്റെ വംശീയ കൊലയിൽ പ്രതിഷേധിച്ച് വാഷിങ്ടനിലെ സെന്റ് ജോർജ് എപ്പിസ്‌കോപ്പൽ പള്ളിക്കു മുന്നിൽ പ്രതിഷേധിച്ചവരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കിയിരുന്നു. ഇതിനുപിന്നാലെ പള്ളിയുടെ മുമ്പിലെത്തിയ ട്രംപ് ബൈബിൾ ഉയർത്തിപ്പിടിച്ചുനിന്നത് വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു. ചരിത്രപ്രധാനമായ പള്ളിക്കുമുന്നിൽ ട്രംപ് രാഷ്ട്രീയം കളിച്ചെന്ന് പറഞ്ഞ് ബിഷപ് ബുഡ്ഡേ കടുത്ത ഭാഷയിലാണ് വിമർശിച്ചത്.
© Copyright 2024. All Rights Reserved