തടവുകാരെ കുത്തിനിറച്ച ജയിലുകൾക്കും കൂട്ട ജയിൽ ചാട്ടത്തിനും കുപ്രസിദ്ധമായ കോംഗോയിൽ നൂറിലേറെ വനിതാ തടവുകാരെ ബലാത്സംഗം ചെയ്തതിന് പിന്നാലെ തീവച്ചു കൊന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഗോമാ നഗരത്തിൽ തിങ്കളാഴ്ചയാണ് ക്രൂരമായ സംഭവമുണ്ടായത്.
--------------------------------
റുവാണ്ടയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന എം 23 കലാപകാരികൾ നഗരം കീഴക്കാനുള്ള ശ്രമത്തിനിടയിൽ നടന്ന ജയിൽ ചാട്ട ശ്രമത്തിനിടയിലാണ് സംഭവം. ഗോമയിലെ മുൻസെൻസ് ജയിലിൽ നിന്ന് നൂറ് കണക്കിന് ആൺ തടവുകാരാണ് ജയിൽ ചാടിയത്. ഇവർ വനിതാ തടവുകാരുടെ ജയിലിലേക്ക് കയറി തടവുകാരെ പീഡിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇവർ വനിതാ ജയിലിന് തീയിടുകയും ചെയ്തു. ഇതോടെ 164 മുതൽ 167 വനിതാ തടവുകാർ വെന്തുമരിച്ചതായാണ് യുഎന്നിനെ ഉദ്ധരിച്ച് ബിബിസി അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കോംഗോയുടെ കിഴക്കൻ മേഖലയിലൂടെ കലാപകാരികൾ നടത്തിയ മിന്നൽ നീക്കത്തിൽ ഗോമയിലെ ലക്ഷക്കണക്കിന് ആളുകളെ ബന്ദികളാക്കിയതായാണ് വിവരം.
കോംഗോയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഇത്. വെടിയൊച്ചകൾ ഉയരുന്നതിനിടെ നിരവധിപ്പേർ ജയിലിൽ നിന്ന് രക്ഷപ്പെടുന്നതിന്റേയും ജയിലിൽ നിന്ന് പുക വ്യാപിക്കുന്നതിന്റേയും ദൃശ്യങ്ങൾ ഇതിനോടം പുറത്ത് വന്നിട്ടുണ്ട്. കലാപത്തിനിടെ 2900 പേർ കൊല്ലപ്പെട്ടതായാണ് യുഎൻ വിശദമാക്കുന്നത്. ഇതിൽ 2000 മൃതദേഹങ്ങൾ സംസ്കരിച്ചതായും 900 മൃതദേഹങ്ങൾ നഗരത്തിലെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ളതായുമാണ് യുഎൻ വിശദമാക്കുന്നത്. ഈ ആഴ്ച ആദ്യത്തിൽ കലാപകാരികൾ മാനുഷിക പരിഗണനയുടെ പശ്ചാത്തലത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബുധനാഴ്ച മുതൽ ഖനി നഗരമായ ന്യാബിബ്വേ പിടിച്ചടക്കാനുള്ള ശ്രമത്തിലാണ് എം 23 കലാപകാരികൾ. അതേസമയം കോംഗോയിൽ നിയോഗിച്ചിട്ടുള്ള സമാധാന സൈന്യത്തെ പിൻവലിക്കുമെന്ന് മലാവി ഇതിനോടകം വിശദമാക്കിയിട്ടുണ്ട്. ഗോമയിൽ മൂന്നോളം സൈനികർ കൊല്ലപ്പെട്ടതിനി പിന്നാലെയാണ് ഇത്. കോളറ മേഖലയിൽ പടരുന്നതും കടുത്ത ആശങ്കയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് യുഎൻ വിശദമാക്കുന്നത്.
© Copyright 2024. All Rights Reserved