2023ൽ നയതന്ത്ര പ്രതിസന്ധിയെ തുടർന്ന് ഇന്ത്യൻ വിദ്യാർഥികൾക്ക് നൽകുന്ന സ്റ്റഡി പെർമിറ്റിൽ വലിയ കുറവുണ്ടായെന്ന് കനേഡിയൻ മന്ത്രി. കനേഡിയൻ ഇമിഗ്രേഷൻ മന്ത്രി മാർക് മില്ലർ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അടുത്തെങ്ങും സ്റ്റഡി പെർമിറ്റ് നൽകുന്നതിൽ വർധനയുണ്ടാകാൻ സാധ്യതയില്ലെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യയിൽ നിന്നുള്ള സ്റ്റഡി പെർമിറ്റ് അപേക്ഷകളിൽ പകുതി മാത്രമേ ഇപ്പോൾ പ്രൊസസ് ചെയ്യുന്നുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. നയതന്ത്രബന്ധം എങ്ങനെ മുന്നേറുമെന്ന് പറയാൻ തനിക്ക് ഇപ്പോൾ ആവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ രീതിയിൽ വിദ്യാർഥികൾ കാനഡയിലേക്ക് വരുന്നത് ഞങ്ങൾക്ക് വെല്ലുവിളിയാണ്. നിയന്ത്രണാതീതമായാണ് വിദ്യാർഥികൾ എത്തുന്നത്. ഇതിൽ ഗണ്യമായ കുറവ് വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണം പകുതിയായി കുറക്കുന്നതിനുള്ള നടപടികളുണ്ടാവും. ഈ വർഷത്തിന്റെ ആദ്യപകുതിയിൽ തന്നെ ഇക്കാര്യങ്ങൾക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജൂൺ 18 നാണ് ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരക്ക് മുന്നിൽ വെച്ച് സിഖ് വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാർ വെടിയേറ്റ് മരിച്ചത്. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കിയിരുന്നു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ പവൻ കുമാർ റായിയോടാണ് രാജ്യം വിടാൻ കാനഡ നിർദേശം നൽകിയത്. തുടർന്ന് കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയും പുറത്താക്കിയിരുന്നു.
© Copyright 2024. All Rights Reserved