നയൻതാര ഡോക്യുമെന്ററിയിൽ നെറ്റ്ഫ്‌ലിക്‌സിന് തിരിച്ചടി. പകർപ്പവകാശ നിയമം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി നടൻ ധനുഷ് നൽകിയ ഹർജി പരിഗണിക്കരുതെന്ന ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. നെറ്റ്ഫ്‌ലിക്‌സിന്റെ ഹർജി തള്ളിയ ജസ്റ്റിസ് അബ്ദുൾ ഖുദ്ദോസ്, ധനുഷിന്റെ ഹർജിയിൽ ഫെബ്രുവരി അഞ്ചിന് വാദം കേൾക്കുമെന്ന് അറിയിച്ചു.
-------------------aud--------------------------------
ധനുഷ് നിർമ്മിച്ച നാനും റൗഡി താൻ എന്ന സിനിമയിലെ അണിയറ ദൃശ്യങ്ങൾ നയൻതാര ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയതിനെ ചോദ്യം ചെയ്ത് ധനുഷിന്റെ നിർമ്മാണ കമ്പനി വണ്ടർബാർ കമ്പനിയാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ധനുഷിന്റെ ഹർജിക്ക് പിന്നാലെയാണ് നെറ്റ് ഫ്‌ലിക്‌സ് കോടതിയിൽ ഹർജി സമർപ്പിക്കുന്നത്.
ധനുഷിന്റെ ഹർജി മദ്രാസ് ഹൈക്കോടതി പരിഗണിക്കരുത്, നെറ്റ് ഫ്‌ലിക്‌സിന്റെ ആസ്ഥാനം മുംബൈയും, ധനുഷിന്റെ കമ്പനിയുടെ ആസ്ഥാനം കാഞ്ചിപുരവുമാണ്. അതിനാൽ ഹർജി കാഞ്ചിപുരം കോടതിയോ മുംബൈയിലെ കോടതിയോ ആണ് പരിഗണിക്കേണ്ടതെന്നായിരുന്നു ഹർജിയിലെ വാദം. ഡോക്യുമെന്ററി പകർപ്പവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നതല്ലെന്നും ഹർജിയിൽ പറയുന്നു. ഡോക്യൂമെൻററി റിലീസ് ചെയ്ത് ഏഴു ദിവസത്തിന് ശേഷമാണ് ധനുഷ് ഹർജിയുമായി കോടതിയെ സമീപിക്കുന്നത് എന്നും നെറ്റ്ഫ്‌ലിക്‌സ് ചൂണ്ടിക്കാട്ടി. എന്നാൽ സിനിമയുടെ ചിത്രീകരണം നടത്തുന്ന സമയത്ത് കമ്പനിയുടെ ആസ്ഥാനം ചെന്നൈയായിരുന്നു. കൂടാതെ കരാറിൽ സിനിമയിൽ നയൻതാര ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും ഹെയർ സ്‌റ്റൈലും അടക്കം പകർപ്പവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് പറഞ്ഞിട്ടുണ്ടെന്നും ധനുഷിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഈ വാദം അംഗീകരിച്ചാണ് നെറ്റ് ഫ്‌ലിക്‌സിന്റെ ഹർജി കോടതി തള്ളിയത്.
© Copyright 2024. All Rights Reserved