ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ തിരുവനന്തപുരത്ത് ഒരിക്കൽ കൂടി മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ച് മുതിർന്ന കോൺഗ്രസ് നേതാവും സിറ്റിംഗ് എംപിയുമായി ശശി തരൂർ. തിരുവനന്തപുരത്ത് നരേന്ദ്ര മോദി വന്ന് മത്സരിച്ചാലും തന്നെ തോൽപ്പിക്കാനാകില്ലെന്നും ശശി തരൂർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ജനത്തിന് മതിയായെങ്കിൽ അവർക്ക് എന്നെ മാറ്റാൻ തീരുമാനിക്കാം. ഇത്തവണത്തേത് ലോക്‌സഭയിലേക്കുള്ള അവസാന മത്സരമാകുമെന്നും ശശി തരൂർ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ഒരിക്കൽ കൂടി മത്സരിക്കാൻ തയ്യാറാണ്. പക്ഷേ അന്തിമ തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്നും ശശി തരൂർ വ്യക്തമാക്കി. ഒരു പ്രമുഖ ചാനെൽ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തരൂർ.
യുപിഎ സർക്കാർ നടപ്പാക്കിയ ജനക്ഷേമ പദ്ധതികൾ ജനങ്ങളിലെത്തിക്കാൻ പ്രവർത്തകർക്ക് കഴിയണമെന്നും കോൺഗ്രസ് നടപ്പാക്കിയ പദ്ധതികൾ പേരുമാറ്റി സ്വന്തമാക്കുകയാണ് നരേന്ദ്ര മോദി ചെയ്യുന്നതെന്നും അടുത്തിടെ ശശി തരൂർ ആരോപിച്ചിരുന്നു. നരേന്ദ്ര മോദി കേരളത്തിൽ മത്സരിക്കുമെന്നും, അത് തിരുവനന്തപുരം മണ്ഡലത്തിൽ ആയിരിക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് തരൂരിന്റെ പ്രതികരണം.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് മത്സരിക്കുന്ന കാര്യം തള്ളിക്കളയാനാവില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. മോദി എവിടെ മത്സരിച്ചാലും വിജയിക്കാനുളള ജനപിന്തുണ അദ്ദേഹത്തിന് ഉണ്ടെന്നും എന്നാൽ അദ്ദേഹം എവിടെ മത്സരിക്കണമെന്ന കാര്യം കേന്ദ്ര നേതൃത്വമാണ് തീരുമാനിക്കുകയെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു. 'ലോക്‌സഭ തിരഞ്ഞെടുപ്പിൽ ആർക്കും എവിടെ വേണമെങ്കിലും മത്സരിക്കാം. നരേന്ദ്ര മോദിക്ക് രാജ്യത്ത് എവിടെ മത്സരിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്, ജനപിന്തുണയുണ്ട്. രാജ്യത്തെ ഏത് മുക്കിലും മൂലയിലും മത്സരിച്ചാലും അദ്ദേഹത്തിന് ജയിച്ച് വരാനാകും. അതിന് കേരളം തിരഞ്ഞെടുക്കണോയെന്ന് കേന്ദ്ര നേതൃത്വം തിരുമാനിക്കണം.' സുരേന്ദ്രൻ നിലപാടെടുത്തു. എന്നാൽ അടുത്തിടെ വന്ന മറ്റൊരു റിപ്പോർട്ടിൽ പറയുന്നത് നരേന്ദ്ര മോദി തെലങ്കാനയിൽ മത്സരിക്കുമെന്നാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തെലങ്കാനയിൽ നിന്ന് മത്സരിക്കുമെന്നാണ് വിവിധ പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.ഇത്തവണ വാരണാസിയിൽ അദ്ദേഹം മത്സരിക്കില്ലെന്ന് അഭ്യൂഹങ്ങളുമുണ്ട്. എന്തായാലും ഇനി തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ മോദി കേരളത്തിൽ മത്സരിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പ്രത്യേകിച്ച് കേരളം ഒരു ബാലികേറാ മലയായി ബിജെപിയെ സംബന്ധിച്ച് ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ മോദി പ്രഭാവം മുതലെടുക്കാൻ നേതൃത്വം തയ്യാറാവുമോ എന്നതും സുപ്രധാന വിഷയമാണ്.
© Copyright 2024. All Rights Reserved