ശനിയാഴ്ചയാണ് ലോകകകപ്പ് ക്രിക്കറ്റില്‍ ആരാധകലോകം കാത്തിരിക്കുന്ന ഹൈ വോള്‍ട്ടേജ് മത്സരം. മത്സരം ആരംഭിക്കുന്നത് ഉച്ചകഴിഞ്ഞ് രണ്ടിനാണ്. എന്നാല്‍ ഉദ്ഘാടന ദിവസം മത്സരത്തിനു മുന്നോടിയായി നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടികള്‍ ഇതിനു മുന്നോടിയായി നടത്തും. ബോളിവുഡ് ഗായകന്‍ അര്‍ജിത് സിങ്ങിന്‍റെ സംഗീത പരിപാടിയാണ് ഇതില്‍ ശ്രദ്ധേയം. ബോളിവുഡ് താരങ്ങളുടെ നൃത്ത പരിപാടിയും അരങ്ങേറും.
വിഐപി ഗ്യാലറി സൂപ്പര്‍ താരങ്ങളെക്കൊണ്ട് സമ്പന്നമാകും. സൂപ്പര്‍ താരം തലൈവര്‍ രജനീകാന്ത്, അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങിയവരെത്തും. ലോകകപ്പിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍ സച്ചിന്‍ ലോകകിരീടവുമായി മൈതാനത്തെത്തുമെന്നും കളിക്കാര്‍ക്ക് ഹസ്തദാനം നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്. മുന്‍ ഇന്ത്യന്‍ നായകരായ മഹേന്ദ്ര സിങ് ധോണിയും സൗരവ് ഗാംഗുലിയുമടക്കമുള്ളവര്‍ വിഐപി ഗ്യാലറിയിലുണ്ടാകും. സ്റ്റേഡിയത്തില്‍ കളി കാണാന്‍ ആളില്ലാത്തതിന്‍റെ പേരില്‍ വിമര്‍ശനം ഏറ്റുവാങ്ങുന്ന ബിസിസിഐയുടെ അഭിമാനപോരാട്ടം കൂടിയാണിത്. ഒരു ലക്ഷത്തി മുപ്പത്തിയാറായിരം കാണിളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള അഹമ്മദാബാദിനെ നരേന്ദ്ര മോദി സ്റ്റേഡിയം ഇന്ത്യ-പാക് പോരാട്ടത്തിനായി നിറഞ്ഞു കവിയുമെന്നാണ് കരുതുന്നത്. ടിക്കറ്റുകള്‍ എല്ലാം തന്നെ വിറ്റുതീര്‍ന്നു. ഏതാനും ടിക്കറ്റുകള്‍ ഇന്ന് അഹമ്മദാബാദുകാര്‍ക്കായി നല്‍കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ടിക്കറ്റ് നല്‍കുന്നതിലെ അശാസ്ത്രീയത നിമിത്തം പല സ്റ്റേഡിയങ്ങളിലും ആളില്ലാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. ഇത് വലിയ വിമര്‍ശനത്തിന് കാരണമാകുകയും ചെയ്തു.
ചെന്നൈയില്‍ നടന്ന ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിന് മാത്രമാണ് 90 ശതമാനം ഗ്യാലറി നിറഞ്ഞത്. എന്നാല്‍ ശനിയാഴ്ച നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം കാണാന്‍ സ്റ്റേഡിയം നിറഞ്ഞു കവിയുമെന്നാണ് ബിസിസിഐയുടെ പ്രതീക്ഷ. പാക്കിസ്ഥാന്‍ ആരാധകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ വിസ അനുവദിച്ചതിനാല്‍ ധാരാളം പാക്കിസ്ഥാനികള്‍ അഹമ്മദാബാദിലെത്തും. ഇവിടെയെത്തുന്നവര്‍ക്ക് താമസത്തിനും മറ്റും വന്‍തുകയാണ് ഹോട്ടലുകാര്‍ ഈടാക്കുന്നത്. മുപ്പതിനായിരവും നാല്പതിനായിരവുമൊക്കെയാണ് ഒരു ദിവസത്തെ മുറി വാടക.
© Copyright 2023. All Rights Reserved