അടുത്ത വർഷത്തേക്ക് നഴ്‌സുമാർക്കും, അധ്യാപകർക്കും 2.8 ശതമാനം ശമ്പളവർധനവ് മാത്രം മതിയെന്നാണ് മന്ത്രിമാരുടെ നിലപാട്. എന്നാൽ തങ്ങളുൾപ്പെടുന്ന എംപിമാർക്ക് ഇതിലും വലിയ ശമ്പളവർധന നൽകണമെന്നും മന്ത്രിമാർ ആലോചിക്കുന്നു. പ്രധാനമന്ത്രി കീർ സ്റ്റാർമറിന് എതിരെ ശക്തമായ പ്രതിഷേധത്തിന് തിരികൊളുത്തിയാണ് എംപിമാർക്ക് 4.2 ശതമാനം ശമ്പളവർധന നൽകാൻ രാഷ്ട്രീയ നീക്കം നടക്കുന്നത്.
-------------------aud--------------------------------
എൻഎച്ച്എസ്, വിദ്യാഭ്യാസ, പൊതുമേഖലാ ജീവനക്കാർക്ക് ഗവൺമെന്റ് നിർദ്ദേശിച്ച ശമ്പളവർധനവ് സംബന്ധിച്ച് യൂണിയനുകളിൽ നിന്നും കീർ സ്റ്റാർമർ സമരഭീഷണി നേരിടുന്നതിനിടെയാണ് രാഷ്ട്രീയക്കാർക്ക് ഉയർന്ന തോതിൽ ശമ്പളവർധനയ്ക്ക് ശ്രമം തുടങ്ങിയത്. 4.2 ശതമാനത്തിലേക്ക് നിരക്ക് നിശ്ചയിച്ചാൽ ഇത് യൂണിയനുകളുടെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കും.
ഈ വർഷം 5.5 ശതമാനം ശമ്പളവർധന ലഭിച്ച എംപിമാർക്ക് 91,346 പൗണ്ടാണ് ശമ്പളം. ഇൻഡിപെൻഡന്റ് പാർലമെന്ററി സ്റ്റാൻഡേർഡ്‌സ് അതോറിറ്റിയാണ് രാഷ്ട്രീയക്കാരുടെ ശമ്പളം നിയന്ത്രിക്കുന്നത്. പുതിയ പാർലമെന്റിന്റെ ആദ്യ വർഷം തന്നെ ശമ്പളകാര്യത്തിൽ റിവ്യൂ നടത്തേണ്ടതുണ്ട്. ഇതിനുള്ള സമയപരിധി ജൂലൈയിൽ അവസാനിക്കും. കോമൺസിന്റെ പാത പിന്തുടർന്ന് ഹൗസ് ഓഫ് ലോർഡ്‌സും അപ്‌റേറ്റ് നടത്തും. എന്നാൽ മറ്റ് പൊതുമേഖലാ ജീവനക്കാരേക്കാൾ വർധനവ് നിശ്ചയിച്ചാൽ ഇത് യൂണിയനുകളുമായുള്ള തർക്കത്തിന് തിരികൊളുത്തും. അടുത്ത വർഷം നഴ്‌സുമാർ ഉൾപ്പെടെ പൊതുമേഖലാ ജീവനക്കാർക്ക് 2.8 ശതമാനം ശമ്പളവർധന മതിയെന്നാണ് ലേബർ ഗവൺമെന്റ് പേ റിവ്യൂ ബോഡികൾക്ക് നൽകിയിട്ടുള്ള നിർദ്ദേശം. ഇതിനെതിരെ സമരങ്ങൾ നടത്തുമെന്ന് റോയൽ കോളേജ് ഓഫ് നഴ്‌സിംഗ് ഉൾപ്പെടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ വർഷം 4.75 ശതമാനം മുതൽ 6 ശതമാനം വരെ വർധനവുകൾ ലഭിച്ച എൻഎച്ച്എസ് ജീവനക്കാർ, അധ്യാപകർ, മറ്റ് സീനിയർ പൊതുമേഖലാ ജീവനക്കാർ എന്നിവർക്കാണ് ഇതിന്റെ പകുതി വർധന നൽകാൻ സാധിക്കൂവെന്നു ലേബർ ഗവൺമെന്റ് നിശ്ചയിച്ചിരിക്കുന്നത്.
© Copyright 2024. All Rights Reserved