നഴ്സിംഗ് മേഖലയെ നിരീക്ഷിക്കാൻ ചുമതലപ്പെട്ട എൻ എം സി, നഴ്സുമാർക്കും മിഡ്വൈഫുമാർക്കും എതിരെയുള്ള പരാതികൾ സമയത്ത് തീർപ്പാക്കുന്നതിൽ പരാജയപ്പെട്ടതായി ഇൻഡിപെൻഡന്റ്സ് പത്രം റിപ്പോർട്ട് ചെയ്യുന്നു. 5,500 ഓളം പരാതികളണ് ഇപ്പോൾ കെട്ടിക്കിടക്കുന്നത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2024 മാർച്ച് ഓടെ നഴ്സുമാർക്കും മിഡ്വൈഫുമാർക്കും എതിരെയുള്ള, തീർപ്പ് കൽപിക്കാത്ത പരാതികളുടെ എണ്ണം 4000 ആയി കുറയ്ക്കുക എന്ന ലക്ഷ്യം നേടാനാവില്ലെന്ന് നഴ്സിംഗ് ആൻഡ് മിഡ്വൈഫറി കൗൺസിൽ പറയുന്നു.
നേരത്തേ, ഇത്തരത്തിലുള്ള പരാതികൾ എൻ എം സി കൈകാര്യം ചെയ്യുനന്തുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ഇൻഡിപെൻഡന്റ് പത്രം തന്നെ എൻ എം സിയുടെ അന്വേഷണത്തിലെ പാകപ്പിഴകളും, കുറ്റക്കാരായവർ ശിക്ഷിക്കപ്പെടാതെ പോകുന്നതുമെല്ലാം റിപ്പോർട്ട് ചെയ്തിരുന്നു. ഇൻഡിപെൻഡന്റ് ഈ വാർത്ത പുറത്തു കൊണ്ടുവന്നതോടെ, ഒരു മുതിർന്ന ബാരിസ്റ്ററുടെ നേതൃത്വത്തിൽ രണ്ട് സ്വതന്ത്ര റീവ്യുകൾ നടത്തിയിരുന്നു. മറ്റൊരു റീവ്യു, എൻ എച്ച് എസ്സിൽ നിലനിൽക്കുന്ന തൊഴിൽ സംസ്‌കാരത്തെ കുറിച്ചും നടത്തിയിരുന്നു.
ഇതിൽ ആദ്യ റീവ്യൂവിന്റെ കണ്ടെത്തലുകളാണ് ഇപ്പോൾ ഇൻഡിപെൻഡന്റ് പുറത്തു കൊണ്ടുവന്നിരിക്കുന്നത്. പരാതികളോട് എൻ എം സി പൊതുവെ തണുത്ത സമീപനമാണ് കൈക്കൊള്ളുന്നത് എന്നായിരുന്നു റീവ്യുവിൽ പങ്കെടുത്തവർ പറഞ്ഞത്. ഒരു മുതിർന്ന വിസില്ബ്ലോവർ പറഞ്ഞത്, തന്റെ പക്കലുള്ള തെളിവുകളും മറ്റും ഭയമില്ലാതെ സമർപ്പിക്കുന്നതിനുള്ള സാഹചര്യം ഒരുക്കണം എന്നായിരുന്നു. എന്നാൽ, ഈ റീവ്യുകളിൽ നിന്നും എൻ എം സിക്ക് പാഠങ്ങൾ പഠിക്കാനുണ്ടെന്നായിരുന്നു ചീഫ് എക്സിക്യുട്ടീവ് ആൻഡ്രിയ സറ്റ്ക്ലിഫ് പറഞ്ഞത്.
ഇക്കഴിഞ്ഞ സെപ്റ്റംബറിൽ 578 പുതിയ പരാതികളാണ് എൻ എം സിക്ക് ലഭിച്ചത്. ഒരു മാസം കിട്ടിയ പരാതികളുടെ എണ്ണത്തിൽ ഇത് ഒരു റെക്കോർഡ് ആണ്. ഇത് എൻ എം സിയുടെ അന്വേഷണ സംഘത്തിന് മേൽ കടുത്ത സമ്മർദ്ദം ചെലുത്തുന്നുവെന്നും ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു.
© Copyright 2024. All Rights Reserved