നാഷണൽ ഇൻഷുറൻസ് വെട്ടിക്കുറച്ചതിന്റെ ഗുണം ഈ മാസം മുതൽ ബ്രിട്ടനിലെ ജോലിക്കാർക്ക് ലഭിച്ച് തുടങ്ങും. ജനുവരി 6ന് പ്രാബല്യത്തിൽ വന്ന നാഷണൽ ഇൻഷുറൻസ് റേറ്റ് കട്ടിന്റെ ഗുണം ലഭിക്കുന്നതോടെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് കൈയിൽ കിട്ടുന്ന ശമ്പളത്തിൽ സാരമായ മാറ്റം ലഭ്യമാകും.
പ്രധാന റേറ്റ് 12 ശതമാനത്തിൽ നിന്നും 10 ശതമാനത്തിലേക്ക് ചുരുക്കിയതോടെ 35,400 പൗണ്ട് വാർഷിക ശമ്പളം വാങ്ങുന്ന ശരാശരി ജോലിക്കാർക്ക് 450 പൗണ്ട് മൂല്യമാണ് കൈയിൽ കിട്ടുന്നതെന്ന് ട്രഷറി പറയുന്നു. സകല ഭാഗത്തും വിലക്കയറ്റം നിലനിൽക്കുമ്പോൾ അധിക ഫണ്ട് കൈയിൽ കിട്ടുന്നത് ജനങ്ങൾക്കും ആശ്വാസമാകും.
എന്നിരുന്നാലും നാഷണൽ ഇൻഷുറൻസിൽ ലഭിക്കുന്ന അധിക ലാഭം പെൻഷനിലേക്ക് മാറ്റി റിട്ടയർമെന്റ് സേവിംഗ്‌സ് മെച്ചപ്പെടുത്താനാണ് വിദഗ്ധർ ഉപദേശിക്കുന്നത്. യുവാക്കളായ ജോലിക്കാർ ഇപ്പോൾ മുതൽ തന്നെ ഈ ഫണ്ട് സേവ് ചെയ്യാൻ ആരംഭിച്ചാൽ ഭാവി ജീവിതത്തിലേക്ക് 100,000 പൗണ്ടിലേറെ കൂട്ടിച്ചേർക്കാൻ സാധിക്കുമെന്ന് ഈവ്‌ലിൻ പാർട്‌നേഴ്‌സ് നടത്തിയ അനാലിസിസ് വ്യക്തമാക്കുന്നു.
നിരവധി വർഷങ്ങളിലെ കോമ്പൗണ്ടിംഗ് റിട്ടേൺസ് പരിഗണിക്കുമ്പോൾ 20-കളിലും, 30-കളിലും പ്രായമുള്ള ജോലിക്കാർ നാഷണൽ ഇൻഷുറൻസ് ലാഭം പെൻഷനിലേക്ക് മാറ്റുന്നത് വഴി 74500 പൗണ്ട് മുതൽ 134,000 പൗണ്ട് വരെ വാർദ്ധക്യകാലത്ത് ആസ്വദിക്കാൻ കഴിയും. നാഷണൽ ഇൻഷുറൻസ് കുറച്ചത് വഴി ജനങ്ങൾക്ക് കൈയിൽ കിട്ടുന്ന വരുമാനം വർദ്ധിപ്പിച്ചത് സുനാക് സർക്കാരിന് നേട്ടം കൂടിയാണ്.
© Copyright 2025. All Rights Reserved